അമിത് ഷാ വിളിച്ച യോഗത്തിലേക്കില്ല; വിട്ടുനിന്ന് മമത ബാനര്‍ജി

സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ രണ്ട് ദിവസ കോണ്‍ക്ലേവിലേക്കാണ് ബംഗാള്‍ ആഭ്യന്തര മന്ത്രി കൂടിയായ മമത ബാനര്‍ജിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്ഷണിച്ചത്

Update: 2022-10-27 13:33 GMT
Editor : ijas
Advertising

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച രണ്ട് ദിവസ പരിപാടിയില്‍ നിന്നും വിട്ടുനിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹരിയാനയിലെ സൂരജ് കുണ്ടില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ രണ്ട് ദിവസ കോണ്‍ക്ലേവിലേക്കാണ് ബംഗാള്‍ ആഭ്യന്തര മന്ത്രി കൂടിയായ മമത ബാനര്‍ജിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്ഷണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പരിപാടിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്. ഈ പരിപാടിയില്‍ നിന്നാണ് മമത ഒഴിഞ്ഞുമാറിയത്. കേന്ദ്ര-സംസ്ഥാനങ്ങളുടെ ബന്ധം മികച്ചതാക്കുന്നത് സംബന്ധിച്ചാണ് പരിപാടിയിലെ പ്രധാന അജണ്ട.

പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഭാഗമാകുന്ന പരിപാടിയില്‍ പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നീരജ് കുമാര്‍ സിംഗും പശ്ചിമ ബംഗാള്‍ റെസിഡന്‍റ് കമ്മീഷണര്‍ രാം ദാസ് മീനയും പങ്കെടുക്കും. അതെ സമയം സംസ്ഥാനത്ത് ഭായ് ഫൊണ്ട, ഛട്ട് പൂജ എന്നീ ആഘോഷ ദിനങ്ങള്‍ ആണ് വരുന്നതെന്നും നിരവധി പരിപാടികള്‍ മുന്നിലുള്ളത് കൊണ്ട് മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി പി.ടി.ഐയെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയുമുള്ള പ്രതിഷേധം തൃണമൂല്‍ നേരത്തെ പരസ്യമാക്കിയതാണ്. സംസ്ഥാനങ്ങളുടെ പ്രത്യേക അധികാരത്തില്‍ കേന്ദ്രം കൈക്കടത്തുന്നതിനെതിരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തെ വിമര്‍ശിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News