ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതി തകർക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ
ബിഹാറിലെ വൈശാലി ജില്ലക്കാരനായ അങ്കിത് മിശ്രയാണ് അറസ്റ്റിലായത്.
Nitish Kumar
സൂറത്ത്: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതി തകർക്കുമെന്ന് ഭീഷണി സന്ദേശമയച്ച ആളെ സൂറത്തിൽവെച്ച് അറസ്റ്റ് ചെയ്തു. അങ്കിത് കുമാർ മിശ്രയെന്ന വ്യക്തിയാണ് പിടിയിലായത്. ബിഹാർ പൊലീസിന്റെ ഗുജറാത്ത് പൊലീസിന്റെയും സംയുക്ത സംഘമാണ് അങ്കിതിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് 20-നാണ് പട്‌ന പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സൂറത്തിന് സമീപം ലസ്‌കാന എന്ന സ്ഥലത്തുവെച്ചാണ് അങ്കിതിനെ പിടികൂടിയതെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. ബിഹാറിലെ വൈശാലി സ്വദേശിയാണ് അങ്കിത് മിശ്ര.
2018-ൽ നിതീഷ് കുമാറിനെതിരെ വധ ഭീഷണി മുഴക്കിയ പ്രമോദ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 2015ലും നിതീഷ് കുമാറിനെതിരെ എസ്.എം.എസ് വഴി അജ്ഞാതൻ ഭീഷണി സന്ദേശമയച്ചിരുന്നു.