കടം വാങ്ങിയ പണം തിരികെ ചോദിച്ചു; യുവാവ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നു

പൊലീസ് വീട്ടിലെത്തിയപ്പോള്‍ പ്രതി മദ്യലഹരിയിൽ ടിവി കാണുകയായിരുന്നു

Update: 2022-09-22 04:06 GMT
Editor : Lissy P | By : Web Desk

ചെന്നൈ: അമ്മ കടം വാങ്ങിയ ഒരു ലക്ഷം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതിന് യുവാവ് മുത്തശ്ശിയെ തലയ്ക്കടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കൊരുക്കുപേട്ടയിലാണ് സംഭവം. കോരുക്കുപേട്ട കരുമാരിയമ്മൻ നഗർ സെക്കൻഡ് സ്ട്രീറ്റിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശാലാക്ഷി(70)യാണ് മരിച്ചത്. ഇവരുടെ മകൾ അമുദയുടെ മകൻ സതീഷ് (28) ആണ് പ്രതി.

തലയ്ക്കടിയേറ്റ വിശാലാക്ഷി രക്തം വാർന്നാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സതീഷിന് ഇഷ്ടപ്പെട്ട മീൻകറിയും ചോറുമെല്ലാം നൽകിയ ശേഷമാണ് ഇരുവരും പണത്തെ കുറിച്ച് തർക്കമുണ്ടായത്.

ബഹളം കേട്ട് അയൽവാസി എത്തി കാര്യം തിരക്കി. എന്നാൽ അത് ടിവിയിൽ നിന്നുള്ള ശബ്ദമാണെന്നും മുത്തശ്ശി പുറത്ത് പോയതാണെന്നുമായിരുന്നു സതീഷ് പറഞ്ഞത്. തുടർന്ന് ഇയാൾ വീട് അകത്ത് നിന്ന് പൂട്ടിയിട്ട് ടിവി കാണുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് സതീഷ് അമ്മയെ വിളിച്ച് മുത്തശ്ശി കാൽ തെന്നി വീണെന്നും പരിക്ക് പറ്റിയിട്ടുണ്ടെന്നും വിളിച്ചു പറഞ്ഞത്. ഇവർ വീട്ടിലെത്തി് വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Advertising
Advertising

പൊലീസ് വിശാലാക്ഷിയുടെ വീട്ടിൽ എത്തിയപ്പോഴും സതീഷ് മദ്യലഹരിയിൽ ടിവി കാണുകയായിരുന്നു. സംഭവത്തിൽ ആർകെ നഗർ പൊലീസ് കേസെടുത്ത് സതീഷിനെ അറസ്റ്റ് ചെയ്തു. വിശാലാക്ഷിയെ കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി.

നാല് വർഷം മുമ്പ് പുതിയ വീട് പണിയാൻ നൽകിയ ഒരു ലക്ഷം തിരികെ നൽകണമെന്ന് വിശാലാക്ഷി സതീഷിനും അമുദയ്ക്കും മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. റെഡ് ഹിൽസിൽ വീട് വയ്ക്കാൻ അമുദ മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ പുതിയ വീട് വിറ്റ് കടം വീട്ടാൻ അമുദ നിർബന്ധിതയായി.  എന്നാൽ പണം നൽകാൻ താമസിച്ചുവെന്നും വിശാലാക്ഷി മകളേയും പേരക്കുട്ടിയേയും പലതവണ ഫോണിൽ വിളിച്ച് നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News