'ഓഫീസിലെത്താൻ ഒരുപാട് യാത്ര ചെയ്യണം'; ആദ്യദിനം തന്നെ ജോലി ഉപേക്ഷിച്ച് യുവാവ്

ആദ്യമായി കിട്ടിയ ജോലി ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും യുവാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

Update: 2023-08-10 11:37 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: വിദ്യാഭ്യാസം പൂർത്തിയായാൽ പിന്നെ നല്ലൊരു ജോലി കിട്ടുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. നല്ല കമ്പനിയിൽ ഉയർന്ന ശമ്പളത്തോടെ ജോലി കിട്ടുന്നതിനേക്കാൾ സന്തോഷം എന്തുണ്ട്. എന്നാൽ  ജോലി കിട്ടി ആദ്യദിവസം തന്നെ രാജി വെച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു യുവാവ്. ആദ്യ ജോലി തന്നെ രാജിവെക്കുന്ന കാരണമാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. വീട്ടിൽ നിന്ന് ഓഫീസിലേക്ക് എത്താൻ ഒരുപാട് ദൂരം യാത്ര ചെയ്യണമെന്നാണ് യുവാവിന്റെ പ്രശ്‌നം.

ഡൽഹിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഇയാളുടെ വീട്, ഓഫീസാകട്ടെ ഗുരുഗ്രാമിലും. ഓഫീസിലേക്കും തിരിച്ച് വീട്ടിലേക്കുമായി മണിക്കൂറുകളോളം യാത്ര ചെയ്യണം. യാത്രയെല്ലാം കഴിഞ്ഞ് വെറും മൂന്ന് മണിക്കൂർ മാത്രമാണ് തനിക്ക് വീട്ടിൽ ചെലവഴിക്കാൻ കഴിയുന്നതെന്നും യുവാവ് പറയുന്നു. കൂടാതെ യാത്രക്ക് മാത്രമായി മാസത്തിൽ അയ്യായിരം രൂപയും ചെലവാകുമെന്നും യുവാവ് പറയുന്നു. തന്റെ അനുഭവം സോഷ്യൽമീഡിയയിലാണ് യുവാവ് പങ്കുവെച്ചിരിക്കുന്നത്. നല്ലൊരു കമ്പനിയിൽ മാന്യമായ ശമ്പളത്തിലാണ് തനിക്ക് ജോലി ലഭിച്ചിരിക്കുന്നത്. അവർക്ക് ജോലിക്കാരെ ആവശ്യമുണ്ടായിരുന്നു. അഭിമുഖത്തിന് ശേഷം വേഗത്തിൽ തന്നെ എനിക്ക് നിയമനവും ലഭിച്ചു'..അദ്ദേഹം റെഡ്ഡിറ്റിൽ പങ്കുവെച്ചു.

'താൻ അന്തർമുഖനായ ആളാണ്. അതുകൊണ്ട് ഓൺസൈറ്റ് ജോലിയായിരുന്നു തനിക്കിഷ്ടം. എന്നാൽ അതെല്ലാം താളം തെറ്റി. ഓഫീസിലെ ജോലിയും യാത്രയുമെല്ലാം മുന്നോട്ട് പോകുമ്പോൾ ബുദ്ധിമുട്ടാകും. വീട് മാറുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും തനിക്ക് വയ്യ'.. തന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയെന്നും യുവാവ് പങ്കുവെച്ചു.

നിരവധി പേരാണ് ഈ കുറിപ്പിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങൾ അനുഭവിക്കുന്ന യാത്രാപ്രശ്‌നങ്ങൾ നിരവധി പേർ പങ്കുവെച്ചു. അതേസമയം,യുവാവിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. ആദ്യത്തെ ജോലിയാകുമ്പോൾ കുറച്ച് ബുദ്ധിമുട്ടണമെന്നും വീട് മാറുന്നത് അത്രവലിയ പ്രശ്‌നമല്ലെന്നുമാണ് ചിലരുടെ കമന്റ്. ജീവിതത്തിൽ ഇടക്കൊക്കെ റിസ്‌ക് എടുക്കാൻ തയ്യാറാകണമെന്നാണ് ചിലർ പറയുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News