പ്രണയത്തില്‍നിന്നു പിന്മാറി; യുവതിയെ കുത്തിക്കൊന്ന് 21കാരന്‍, ശരീരമാസകലം 50ഓളം മുറിവുകള്‍

അവസാനമായി കാണാനെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണു യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്

Update: 2024-01-30 07:28 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിനു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി 21കാരൻ. ഡൽഹിയിലെ ഷകൂർ ബസ്തിയിൽ നടന്ന സംഭവത്തിൽ പ്രതി പാണ്ഡവ് കുമാർ അറസ്റ്റിലായി. കത്തികൊണ്ടു കുത്തിയായിരുന്നു കൊലപാതകം. ശരീരമാസകലം 50ഓളം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ബിഹാർ സ്വദേശിയായ പാണ്ഡവ് ഡൽഹിയിൽ തൊഴിലാളിയാണ്. ഇതിനിടയിലാണ് ഒന്നര വർഷം മുൻപ് യുവതിയുമായി പരിചയത്തിലാകുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചുനാളായി യുവാവുമായി ബന്ധം കുറവായിരുന്നു. ഇതിനിടെ മറ്റു പലരുമായി അവിഹിതബന്ധം സംശയിക്കുകയും ചെയ്ത യുവാവ് ഇവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഔട്ടർ ഡൽഹി ഡി.സി.പി ജിമ്മി ചിറാം പറഞ്ഞു.

Advertising
Advertising

തുടർന്ന് റാണി മാർക്കറ്റിൽനിന്ന് രണ്ടു കത്തികൾ വാങ്ങിയ പാണ്ഡവ് അവസാനമായി കാണാനെന്നു പറഞ്ഞ് യുവതിയെ ബുദ്ധ് വിഹാറിലേക്കു വിളിച്ചുവരുത്തി. തന്റെ വാടകവീട്ടിലേക്കു വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. ഇതോടെ അടുത്തുള്ള ഒഴിഞ്ഞ റെയിൽവേ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ചായിരുന്നു കത്തി ഉപയോഗിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്. ശരീരത്തിൽ മുറിവുകളില്ലാത്ത സ്ഥലമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 25ന് ഷക്കൂർ ബസ്തിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സി.സി.ടി.വികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തിരിച്ചറിഞ്ഞത്. ബുദ്ധ് വിഹാറിലെ വാടകവീട്ടിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാണ്ഡവ് കുമാർ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Summary: Man stabs woman 50 times in Delhi for 'avoiding him', held

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News