ഫ്ലിപ്കാര്‍ട്ടില്‍ ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് കോണ്‍ക്രീറ്റ് കഷ്ണം

മംഗളൂരു സ്വദേശിയായ ചിന്‍മയ രമണയാണ് കബളിപ്പിക്കലിന് ഇരയായത്

Update: 2022-10-27 05:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

മംഗളൂരു: ഉത്സവസീസണുകളില്‍ ഭൂരിഭാഗം പേരും കാത്തിരിക്കുന്ന ഒന്നാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ ബിഗ് സെയിലുകള്‍. ഫോണും ലാപ്ടോപും മുതല്‍ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങള്‍ വരെ ഓഫറില്‍ ലഭിക്കുമെന്നതുകൊണ്ടു തന്നെ മിക്കവും ഇ-കൊമേഴ്സ് സൈറ്റുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബിഗ് ദീപാവലി സെയിലില്‍ ഫ്‌ളിപ് കാര്‍ട്ടില്‍ നിന്നും ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് വലിയൊരു കോണ്‍ക്രീറ്റ് കഷ്ണമാണ്.

മംഗളൂരു സ്വദേശിയായ ചിന്‍മയ രമണയാണ് കബളിപ്പിക്കലിന് ഇരയായത്. ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ലഭിച്ച കോണ്‍ക്രീറ്റ് കഷ്ണത്തിന്‍റെയും ഓര്‍ഡറിന്‍റെയും ചിത്രങ്ങള്‍ ചിന്‍മയ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഒക്ടോബര്‍ 15നാണ് ചിന്മയ രമണ സുഹൃത്തിനായി ഗെയിമിംഗ് ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ 20ന് സീല്‍ ചെയ്ത പാക്കറ്റ് ലഭിച്ചു. എന്നാല്‍ തുറന്നപ്പോള്‍ ലാപ്ടോപ് ഉണ്ടായിരുന്നില്ല, പകരം കോണ്‍ക്രീറ്റ് കഷ്ണമാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് ചിന്മയ വിവരം ഉടന്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ അറിയിക്കുകയും, പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കാന്‍ ആദ്യം കമ്പനി വിസമ്മതിക്കുകയും അപേക്ഷ നിരസിക്കുകയും ചെയ്തു. തുടര്‍ന്ന് ചിന്‍മയ എല്ലാ തെളിവും സഹിതം മെയില്‍ ചെയ്തു.

തുടര്‍ന്ന് പരാതി പരിഹരിക്കാന്‍ സമയം ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ സമയം തനിക്ക് ലഭിച്ച കല്ലിന്‍റെ ചിത്രങ്ങള്‍ ചിന്മയ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ ഫ്‌ളിപ്പ്കാര്‍ട്ട് തെറ്റ് അംഗീകരിക്കുകയും മുഴുവന്‍ പണവും തിരികെ നല്‍കുകയുമായിരുന്നു. നഷ്ടമായ മുഴുവന്‍ പണവും തിരികെ ലഭിച്ചതായി ചിന്മയ രമണ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News