മണിപ്പൂരിൽ സംഘര്‍ഷം: പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരംഗിലാണ് വെടിവെപ്പുണ്ടായത്
ഇംഫാല്‍: മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരംഗിലാണ് വെടിവെപ്പുണ്ടായത്. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങള്‍ മോഷ്ടിക്കപ്പെട്ടു.
ആയുധങ്ങള്‍ മോഷ്ടിക്കാന്‍ ഒരു സംഘം എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഘർഷത്തിൽ 27 പേർക്ക് പരിക്കേറ്റു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസമായിട്ടും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനായില്ല.
ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിൽ മൂന്ന് മാസമായി സൂക്ഷിച്ചിരുന്ന 35 മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കുക്കി സംഘടനകൾ തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. മെയ്തെയ് വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ - ബിഷ്ണുപൂർ അതിർത്തിയായ ബൊല്‍ജാങ്ങിലാണ് കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്.
സംസ്കാരം നടത്തേണ്ട സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നൽകി. ഈ സ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ച് മെയ്തെയ് വിഭാഗത്തെ സേന തടഞ്ഞതോടെ സംഘർഷമുണ്ടായി. 30 പേർക്ക് പരിക്കേറ്റു. എന്നാൽ മണിപ്പൂർ ഹൈക്കോടതി സ്ഥലത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതിനെ തുടർന്ന് സംസ്കാരം കുക്കികൾ മാറ്റിവെച്ചു.
ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച ഏറ്റുമുട്ടൽ ഉച്ചവരെ നീണ്ടുനിന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിന് പിന്നാലെ മണിപ്പൂരിലെ ബിഷ്‌ണുപൂർ - ചുരാചന്ദ്പൂർ അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചു.