മണിപ്പൂരിൽ സൈന്യത്തെ വളഞ്ഞ് 1500 പേര്‍; 12 കലാപകാരികളെ വിട്ടയച്ചു
മണിപ്പൂര്‍ പൊലീസ് ട്രെയിനിങ് കോളേജിലെ ആയുധ ഡിപ്പോയില്‍ നിന്ന് ആയുധങ്ങള്‍ മോഷണംപോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ രണ്ടായിരത്തോളം വരുന്ന മെയ്‌തെയ് വനിതകള്‍ തടഞ്ഞിരുന്നു.
മണിപ്പൂരിൽ കലാപനാളുകളിൽ രാത്രി പന്തംകൊളുത്തി പ്രതിഷേധിക്കുന്ന സ്ത്രീകൾ (പിടിഐ ഫോട്ടോ)
ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളുടെ പ്രതിഷേധത്തെത്തുടർന്ന് 12 പേരെ സൈന്യം വിട്ടയച്ചു. 1500-ഓളം വരുന്ന മെയ്തെയ് വിഭാഗക്കാരാണ് സൈന്യത്തെ തടഞ്ഞത്. അക്രമണകാരികളായ കാങ്‌യെ് യവോൾ കന്ന ലപ് (Kanglei Yawol Kanna Lup) പ്രവർത്തകരേയാണ് ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് സൈന്യം വിട്ടയച്ചത്. ജനക്കൂട്ടം തടയുന്നതിന്റെ വിഡിയോ കരസേന പുറത്തുവിട്ടു. കൂടാതെ പ്രദേശത്ത് നിന്ന് പിന്മാറിയതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതാം ഗ്രാമത്തിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് കലാപകാരികളായ 12 പേരെ പിടികൂടിയത്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് അരങ്ങേറിയത്. സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത് എന്നുള്ളതിനാൽ സൈന്യം പിന്മാറുകയായിരുന്നു. 'വലിയൊരു കൂട്ടം പ്രതിഷേധക്കാരോട് ഏറ്റുമുട്ടുന്നത് വൻ തോതിൽ അത്യാഹിതങ്ങൾക്കിടയാക്കുമെന്നും അത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടി തങ്ങൾ പിടിച്ച 12 കലാപകാരികളേയും പ്രാദേശിക നേതാക്കൾക്ക് കൈമാറുന്നു' - സൈന്യം വ്യക്തമാക്കി.
2015ൽ കെവൈകെഎൽ സംഘമാണ് സൈന്യത്തിന്റെ 6 ഡോഗ്ര യൂണിറ്റിനുനേർക്ക് ആക്രമണം നടത്തിയത്. ദോഗ്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സ്വയം പ്രഖ്യാപിത ലഫ്. കേണൽ മൊയ്റംഗ്തം താംബ (ഉത്തം) എന്നയാളെയും പിടികൂടിയ ശേഷം സെെന്യത്തിന് വിട്ടുകൊടുക്കേണ്ടി വന്നു.
ഇതിനിടെ, മണിപ്പുരിൽ മന്ത്രി എൽ.സുസിന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഗോഡൗൺ കലാപകാരികൾ കത്തിച്ചു. മന്ത്രിയുടെ വീടും മറ്റൊരു കെട്ടിടവും തീവയ്ക്കാൻ ശ്രമം നടന്നെങ്കിലും സുരക്ഷാസേന തടഞ്ഞു. വീട് തീയിടാനെത്തിയ ജനക്കൂട്ടത്തെ കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം മണിപ്പൂര്‍ പൊലീസ് ട്രെയിനിങ് കോളേജിലെ ആയുധ ഡിപ്പോയില്‍ നിന്ന് ആയുധങ്ങള്‍ മോഷണംപോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ രണ്ടായിരത്തോളം വരുന്ന മെയ്‌തെയ് വനിതകള്‍ തടഞ്ഞിരുന്നു. മെയ്‌തെയ് സംഘടനകള്‍ കവര്‍ന്നത് അയ്യായിരത്തോളം യന്ത്രത്തോക്കുകളാണ്. എന്നാല്‍ പോലീസ് തന്നെയാണ് ഇവര്‍ക്ക് തോക്കുകൾ കൊടുത്തതെന്നും പറയുന്നു.