''കോൺഗ്രസിൽ ഞാനൊരു കുടിയാനല്ല; ആരെങ്കിലും പുറത്താക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പാർട്ടി വിടില്ല''-അതൃപ്തി വ്യക്തമാക്കി മനീഷ് തിവാരി

ഏതെങ്കിലും നേതാവ് പാർട്ടി വിട്ടാൽ അത് പാർട്ടിക്ക് വലിയ ആഘാതമുണ്ടാക്കും. അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-02-17 10:31 GMT
Advertising

കോൺഗ്രസ് നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാവ് മനീഷ് തിവാരി. താൻ പുറത്തുപോവണമെന്ന് ആഗ്രഹിക്കുന്നവർ തള്ളിപ്പുറത്താക്കിയാലല്ലാതെ പാർട്ടി വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. അശ്വിനി കുമാറിന് പിന്നാലെ മനീഷ് തിവാരിയും കോൺഗ്രസ് വിടുമെന്ന പ്രചാരണം ശക്തമാവുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

''ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. ഞാനൊരു കുടിയാനല്ല, ഈ പാർട്ടിയിൽ ഞാനുമൊരു പങ്കാളിയാണ്. എന്റെ ജീവിതത്തിന്റെ 40 വർഷം ഈ പാർട്ടിക്കായി നൽകി. ഞങ്ങളുടെ കുടുംബം രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി രക്തം നൽകി. അതേസമയം ആരെങ്കിലും തന്നെ പുറംതള്ളാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതൊരു വ്യത്യസ്തമായ കാര്യമാണ്''-വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ മനീഷ് തിവാരി പറഞ്ഞു.

ഏതെങ്കിലും നേതാവ് പാർട്ടി വിട്ടാൽ അത് പാർട്ടിക്ക് വലിയ ആഘാതമുണ്ടാക്കും. അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാവും ഗാന്ധി കുടുംബത്തിന്റെ അടുത്തയാളുമായ അശ്വനി കുമാർ കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനീഷ് തിവാരിയും രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായത്. പഞ്ചാബിൽ കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് മനീഷ് തിവാരിയെ ഒഴിവാക്കിയിരുന്നു.

പാർട്ടിക്ക് മുഴുവൻസമയ പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളിൽ ഒരാളാണ് മനീഷ് തിവാരി. ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്തതിലുള്ള അതൃപ്തിയാണ് തിവാരിയെ താരപ്രചാരകരിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News