Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: സമ്പന്നരായ ഇന്ത്യന്‍ വ്യവസായികളാണ് മുകേഷ് അംബാനി, ഗൗതം അദാനി, നാരയണ്‍ മൂര്‍ത്തി, രത്തന്‍ ടാറ്റ തുടങ്ങിയവര്‍. എന്നാല്‍ ഈ ബിസിനസ് വമ്പന്മാരേക്കാള്‍ സമ്പന്നനായിരുന്നു വിജയ് പത് സിംഘാനിയ. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നനും ആളുകളെ സ്വാധീനിച്ച ബിസിനസ്കാരനുമായിരുന്നു വിജയ് പത് . എന്നാല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഇന്ന് അദ്ദേഹത്തിന്റെ 86-ാം വയസില്‍ വാടകവീട്ടിലാണ് കഴിയുന്നത്. മകനില്‍ നിന്ന് നേരിട്ട തിരിച്ചടിയാണ് അദ്ദേഹത്തെ വാടകവീട്ടിൽ എത്തിച്ചത്.
ടെക്‌സ്‌റ്റൈല്‍ മാഗ്നറ്റ് എന്നറിയപ്പെടുന്ന വ്യക്തിയായ വിജയ പത് സിംഘാനിയ, റെയ്മണ്ട് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനായിരുന്നു. ഇന്ത്യയില്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പനക്കായി 1958 ല്‍ ആദ്യ റെയ്മണ്ട് ഷോറും സ്ഥാപിച്ചു. പതിയെ റെയ്മണ്ട് ഒരു ഗ്ലോബല്‍ ബ്രാന്‍ഡായി മാറി. 12,000 കോടിയുടെ ആസ്തിയിലേക്ക് റെയ്മണ്ട് വളര്‍ന്നു. കൂടാതെ പാര്‍ക്ക് അവന്യൂ എന്ന പെര്‍ഫ്യൂം ബ്രാന്‍ഡും കമ്പനി ആരംഭിച്ചു. സമ്പന്നനാരായ സിംഘാനിയ കുടുംബത്തില്‍ ജനിച്ച വിജയ പത് രണ്ട് ദശാബ്ദക്കാലം റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി കമ്പനിയെ നയിച്ചു. ഫാഷന്‍ വ്യവസായത്തിന്റെ തലവനായി റെയ്മണ്ട് ഗ്രൂപ്പിനെ മാറ്റിയതില്‍ വിജയപത് വലിയ പങ്ക് വഹിച്ചിരുന്നു.
എന്നാല്‍ അന്താരാഷ്ട്ര തലത്തിലേക്ക് ബിസിനസ് ഉയര്‍ത്തുന്നതിനായി റെയ്മണ്ട് ഗ്രൂപ്പിന്റെ എല്ലാ ഷെയറും വിജയ്പത് സിംഘാനിയ അദ്ദേഹത്തിന്റെ മകന്റെ പേരിലേക്ക് മാറ്റി. ആയിരം കോടി രൂപയുടെ സ്വത്തുക്കളാണ് അദ്ദേഹം ഇളയമകനായ ഗൗതം സിംഘാനിയുടെ പേരിലേക്ക് മാറ്റിയത്. മകന്റെ പേരിലേക്ക് ഷെയറുകള്‍ മാറ്റിയത് വലിയ തെറ്റായിരുന്നുവെന്ന് എല്ലാം നഷ്ടപ്പെട്ട് തുടങ്ങിയപ്പോഴാണ് വിജയ പത് മനസിലാക്കിയത്. അച്ഛനും മകനും തമ്മിലുള്ള ബന്ധം പതിയെ വഷളായി. സ്വത്തുക്കളെല്ലാം കൈക്കലാക്കിയ ശേഷം മകന്‍ അദ്ദേഹത്തെ വീട്ടില്‍ നിന്ന് പുറത്താക്കി. അതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനില്‍ നിന്നും ഒന്നുമില്ലാത്തവനായി വിജയ പത് സിംഘാനിയയുടെ ജീവിതം മാറി. മകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ അഭിമുഖങ്ങളില്‍ വിജയ പത് ഓര്‍മ്മകളായി പങ്കുവെച്ചിട്ടുണ്ട്.