പോസ്റ്റര്‍ വീണ്ടും ചതിച്ചു ; എം.കെ സ്റ്റാലിന്‍ നവവധുവായി,ഡിഎംകെക്ക് ട്രോള്‍
മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്ററാണ് പാര്‍ട്ടിയെ എയറിലാക്കിയത്
ഡിഎംകെയുടെ വിവാദമായ പോസ്റ്റര്‍
ചെന്നൈ: ചൈനീസ് പതാകയുടെ ചിത്രം പതിച്ച ഐ.എസ്.ആര്‍.ഒ ചടങ്ങിന്‍റെ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളുടെ ചൂടാറും മുന്‍പെ മറ്റൊരു പോസ്റ്റര്‍ അമളിയില്‍ പുലിവാല് പിടിച്ച് ഡിഎംകെ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്ററാണ് പാര്‍ട്ടിയെ എയറിലാക്കിയത്.
ചെറിയൊരു അക്ഷരപ്പിഴവാണ് പാര്‍ട്ടിയെ ആകെ നാണംകെടുത്തിയത്. വലിയൊരു പുഷ്പഹാരമണിഞ്ഞ് നില്‍ക്കുന്ന സ്റ്റാലിന്‍റെ ചിത്രത്തിനൊപ്പം 'ബ്രൈഡ് ഓഫ് തമിഴ്നാട്( ‘Bride of Tamil Nadu’) എന്നു കൊടുത്തതാണ് പ്രശ്നമായത്. പ്രൈഡ് ഓഫ് തമിഴ്നാട്( Pride of Tamil Nadu) എന്നാണ് ഉദ്ദേശിച്ചതെങ്കിലും 'പി' മാറി 'ബി' ആയതാണ് അബദ്ധമായത്. സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനടക്കമുള്ള ഡിഎംകെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. തിങ്കളാഴ്ചയാണ് പോസ്റ്റര്‍ എക്സില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ പോസ്റ്ററിനെ ട്രോളിക്കൊണ്ട് നെറ്റിസണ്‍സ് രംഗത്തെത്തി. വധു സ്റ്റാലിനാണെങ്കില്‍ ആരാണ് വരനെന്നായിരുന്നു ചിലരുടെ ചോദ്യം.
ഐ.എസ്.ആര്‍.ഒ.യുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഡിഎംകെ നല്‍കിയ പരസ്യവും വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിന്‍റെയും ചിത്രത്തിനു പിന്നില്‍ ചൈനീസ് പതാകയുള്ള റോക്കറ്റ് ഉള്‍പ്പെടുന്നതായിരുന്നു പരസ്യം. പ്രധാനമന്ത്രിയടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. ''ഡി.എം.കെ പ്രവർത്തിക്കുന്നില്ലെന്നും അവർ തെറ്റായ ക്രെഡിറ്റുകൾ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പദ്ധതികൾക്ക് മുകളിൽ അവരുടെ സ്റ്റിക്കറുകൾ ഒട്ടിക്കുന്നു. എന്നാൽ, ഇപ്പോൾ അവർ പരിധി ലംഘിച്ചിരിക്കുന്നു. ഐ.എസ്.ആർ.ഒ ലോഞ്ച്പാഡിന്റെ ക്രെഡിറ്റ് എടുക്കാൻ അവർ ചൈനയുടെ സ്റ്റിക്കർ ഒട്ടിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ അവർ തയാറല്ല.'' എന്നാണ് മോദി ആരോപിച്ചത്. ഇന്ത്യയുടെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും ഡിഎംകെ സര്‍ക്കാര്‍ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മോദിയുടെ വിമർശനത്തിനെതിരെ കനിമൊഴി എം.പി രംഗത്തുവന്നിരുന്നു. മനുഷ്യസഹജമായുണ്ടായ പിശകാണെന്നാണ് കനിമൊഴി പറഞ്ഞത്.
അതിനിടെ കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച സ്റ്റാലിന് ചൈനീസ് ഭാഷയില്‍ പിറന്നാളാശംസകളുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇസ്രോയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് തമിഴ്നാട് സർക്കാർ തയ്യാറാക്കിയ പരസ്യത്തിൽ ചൈനീസ് പതാക ഉൾപ്പെട്ടതിനുപിന്നാലെയാണ് സ്റ്റാലിന്റെ പിറന്നാളിന് ബി.ജെ.പി. ചൈനീസ് ഭാഷയായ മാൻഡരിനില്‍ ആശംസകളർപ്പിച്ചത്. സ്റ്റാലിന്‍റെ ഇഷ്ട ഭാഷയിൽ അദ്ദേഹത്തിന് ആശംസകളറിയിക്കുന്നു എന്ന അടിക്കുറിപ്പോടെ പരിഹാസരൂപേണ, ബി.ജെ.പി. തമിഴ്നാടിന്റെ എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.