മോദി സർക്കാറിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യാനികൾ- പി.ചിദംബരം

മദർ തെരേസയുടെ സ്മരണയ്ക്കുള്ള ഏറ്റവും വലിയ അപമാനമാണിതെന്നും ചിദംബരം ട്വീറ്റ് ചെയ്തു

Update: 2021-12-28 05:51 GMT
Editor : Lissy P | By : Web Desk
Advertising

മോദി സർക്കാർ തങ്ങളുടെ ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കാൻ വിസമ്മതിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെയും ചിദംബരം ട്വിറ്ററിൽ രൂക്ഷമായി വിമർശിച്ചു. 2021 അവസാനിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. മോദി സർക്കാർ അവരുടെ അടുത്ത ഇരയെ കണ്ടെത്തിയിരിക്കുന്നു. അത് ക്രിസ്ത്യാനികളാണ്.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഭാവിയിൽ വിദേശ സംഭാവനകൾ നിഷേധിക്കുന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല. ഇന്ത്യയിലെ പാവപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച മദർ തെരേസയുടെ സ്മരണയ്ക്കുള്ള ഏറ്റവും വലിയ അപമാനമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ യോഗ്യതാ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ഡിസംബർ 25 ന് അത് നിരസിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ചിദംബരത്തിന്റെ ട്വീറ്റ്.മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഒരു അക്കൗണ്ടുപോലും മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നും ചാരിറ്റി തന്നെയാണ് അക്കൗണ്ട് മരവിക്കാൻ ബാങ്കിന് നിർദേശം നൽകിയതെന്നും കേന്ദ്രം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

1950 ഒക്ടോബറിലാണ് മദർ തെരേസ വെറും 10 അംഗങ്ങളുമായി മിഷണറീസ് ഓഫ് ചാരിറ്റി ആരംഭിക്കുന്നത്. അനാഥാകൾക്കും കുഷ്ഠരോഗികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന ഇന്ത്യയിൽ 71 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയിരിക്കുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News