മോദി മൂന്നാമതും പ്രധാനമന്ത്രിയാകും-ബദ്‌റുദ്ദീൻ അജ്മൽ

അസമിലെ കോൺഗ്രസിനെ നയിക്കാനുള്ള ശേഷി സംസ്ഥാന അധ്യക്ഷനില്ലെന്ന് എ.ഐ.യു.ഡി.എഫ് കുറ്റപ്പെടുത്തി

Update: 2023-12-04 09:22 GMT
Editor : Shaheer | By : Web Desk

ഗുവാഹത്തി: നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) തലവൻ ബദ്‌റുദ്ദീൻ അജ്മൽ. മൂന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയം അതാണു തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും കോൺഗ്രസ് വിജയിക്കുമെന്നാണു താൻ കരുതിയത്. നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളിൽനിന്നു വ്യക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ബദ്‌റുദ്ദീൻ അജ്മൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertising
Advertising

അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ ബോറയ്‌ക്കെതിരെ വിമർശനമുയർത്തുകയും ചെയ്തു അജ്മൽ. സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കാനുള്ള ശേഷി ബൂപെനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉടൻ തന്നെ പദവിയിൽനിന്നു രാജിവച്ച് ഇറങ്ങണം. അസമിലെ കോൺഗ്രസ് ബി.ജെ.പിയുടെ 'ബി' ടീമായി മാറിയിരിക്കുകയാണ്. എല്ലാവരെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന് ബദ്‌റുദ്ദീൻ അജ്മൽ ആരോപിക്കുകയും ചെയ്തു.

2024 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച 'ഇൻഡ്യ' സഖ്യത്തിനൊപ്പം ചേരാൻ എ.ഐ.യു.ഡി.എഫ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അസം കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് പ്രതിപക്ഷ സഖ്യത്തിൽ പാർട്ടിയെ ഉൾപ്പെടുത്തിയിരുന്നില്ല.

Summary: Modi will become PM for third time: Says AIUDF chief Badruddin Ajmal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News