ഒരു കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കണം, കാമുകനൊപ്പം ജീവിക്കണം; മകനെ ക്രൂരമായി കൊലപ്പെടുത്തി, അമ്മയടക്കം മൂന്ന് പേര്‍ അറസ്റ്റിൽ
ഉത്തര്‍പ്രദേശ് കാൺപൂരിലെ അംഗദ്‌പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്
Photo| NDTV
കാൺപൂര്‍: ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ കൊലപ്പെടുത്തി. ഒക്ടോബര്‍ 26ന് ഉത്തര്‍പ്രദേശ് കാൺപൂരിലെ അംഗദ്‌പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
25കാരനായ പ്രദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. യുവാവിന്‍റെ അമ്മയും അംഗദ്പൂർ നിവാസിയായ മംമ്ത സിങ്, കാമുകൻ മായങ്ക് കത്യാർ, സഹോദരൻ ഋഷി എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷം മംമ്ത മായങ്കുമായി അടുപ്പത്തിലായിരുന്നു. ഇതിനെ പ്രദീപ് എതിര്‍ത്തിരുന്നു. പലപ്പോഴും അമ്മയോട് ബന്ധത്തിന്‍റെ പേരിൽ വഴക്കിടുകയും ചെയ്തു. ഇതോടെ മംമ്ത മകനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മംമ്ത മകന്‍റെ പേരിൽ നാല് ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുണ്ടെന്നും ആകെ ഒരു കോടി രൂപ വിലമതിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം മംമ്തയും കൂട്ടാളികളും അത്താഴം കഴിക്കാനെന്ന വ്യാജേന പ്രദീപിനെ വിളിച്ചുവരുത്തുകയായിരുന്നു. തിരികെ പോകുമ്പോൾ മായങ്കും ഋഷിയും ചുറ്റിക കൊണ്ട് പ്രദീപിനെ ആക്രമിച്ചു, സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിക്കുകയും ചെയ്തു. അപകടം സംഭവിച്ചതാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഒരു ഹൈവേയ്ക്ക് സമീപം ഉപേക്ഷിച്ചു.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രദീപിന്റെ തലയ്ക്ക് ഒന്നിലധികം ഒടിവുകളും ഗുരുതരമായ പരിക്കുകളും കണ്ടെത്തിയിരുന്നു. മൊബൈൽ ലൊക്കേഷൻ ഡാറ്റയുടെ അടിസ്ഥാനത്തിൽ, കുറ്റകൃത്യം നടന്ന സമയത്ത് മംമ്തയും കാമുകനും ഒരേ സ്ഥലത്തായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ചോദ്യം ചെയ്യലിൽ, ഇൻഷുറൻസ് തുക ലഭിച്ചുകഴിഞ്ഞാൽ പങ്കിടാമെന്ന് വാഗ്ദാനം ചെയ്ത് മംമ്ത കൊലപാതകം ആസൂത്രണം ചെയ്തതായി മായങ്ക് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.പിന്നീട് പൊലീസ് മായങ്കിനെ അറസ്റ്റ് ചെയ്തു, ഋഷി കത്യാർ ഒരു ഏറ്റുമുട്ടലിൽ പിടിക്കപ്പെടുകയും വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, ഒരു നാടൻ പിസ്റ്റൾ, കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കാർ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിട്ടുണ്ട്.പ്രദീപ് തന്റെ അമ്മയെ വളരെയധികം സ്നേഹിച്ചിരുന്ന, മാന്യനായ ഒരു ചെറുപ്പക്കാരനായിരുന്നുവെന്നും മായങ്കുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മാത്രമാണ് അയാൾ ആഗ്രഹിച്ചതെന്നും നാട്ടുകാർ പറയുന്നു. മമതയ്ക്ക് പണത്തിനു വേണ്ടി ഇത്രത്തോളം പോകാൻ കഴിയുമെന്ന് കുടുംബം ഒരിക്കലും കരുതിയിരുന്നില്ലെന്ന് മുത്തച്ഛൻ ജഗദീഷ് നാരായണൻ പൊട്ടിക്കരഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തതും ഇൻഷുറൻസ് ക്ലെയിമുകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.