രാജ്യത്ത് കുട്ടികളുടെ ആത്മഹത്യയില്‍ വന്‍ വര്‍ധന; മൂന്ന് വര്‍ഷം കൊണ്ട് ആത്മഹത്യ ചെയ്തത് 24,568 കുട്ടികള്‍

പരീക്ഷയിലെ പരാജയമാണ് 4,046 കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം, 3,315 കുട്ടികൾ ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലമാണ്

Update: 2021-08-02 10:28 GMT
Editor : Nidhin | By : Web Desk
Advertising

രാജ്യത്ത് വിദ്യാർഥികളുടെ ആത്മഹത്യ നിരക്കിൽ വൻ വർധനയെന്ന് കാണിക്കുന്ന കണക്കുകൾ പുറത്തുവിട്ട് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ. 2017-19 കാലഘട്ടത്തിൽ 14 വയസിനും 18 വയസിനും ഇടയിലുള്ള 24,568 കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.

ആത്മഹത്യ ചെയ്തതിൽ 13,325 പേർ പെൺകുട്ടികളും 11,243 പേർ ആൺകുട്ടികളുമാണെന്ന് പാർലമെന്റിൽ അവർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

ഓരോ വർഷം കൂടുമ്പോഴും കുട്ടികളുടെ ആത്മഹത്യ വർധിക്കുന്ന പ്രവണതയാണ് കാണുന്നത്. 2017 ൽ 8,029 കുട്ടികളും 2018 ൽ 8,162 കുട്ടികളും 2019 ൽ 8,377 കുട്ടികളും ആത്മഹത്യ ചെയ്തു.

ഏറ്റവും കൂടുതൽ കുട്ടികൾ ആത്മഹത്യ ചെയ്തത് മധ്യപ്രദേശിലാണ്. 3,115 കുട്ടികളാണ് 2017 നും 2019 നുമിടയിൽ മധ്യപ്രദേശിൽ ആത്മഹത്യ ചെയ്തത്. പശ്ചിമ ബംഗാളാണ് കണക്കിൽ രണ്ടാമത്. 2,802 പേരാണ് അവിടെ ആത്മഹത്യ ചെയ്തത്. 2,527 കുട്ടികൾ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയും 2,035 കുട്ടികൾ ആത്മഹത്യ ചെയ്ത തമിഴ് നാടുമാണ് തൊട്ടുപിന്നിൽ.

പരീക്ഷയിലെ പരാജയമാണ് 4,046 കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം. കല്യാണവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ട് 411 പെൺകുട്ടികൾ ഉൾപ്പടെ 639 കുട്ടികൾ ആത്മഹത്യ ചെയ്തു. 3,315 കുട്ടികൾ ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലമാണ്. 2,567 കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ അസുഖം ബാധിച്ചത് കൊണ്ടുള്ള നിരാശയാണ്.

ലൈംഗിക പീഡനം മൂലം 81 കുട്ടികൾ ആത്മഹത്യ ചെയ്തതായും കണക്കുകൾ പറയുന്നു.

പ്രിയപ്പെട്ടവരുടെ മരണം, ലഹരി ഉപയോഗം, വിവാഹത്തിന് മുമ്പുള്ള ഗർഭധാരണം, സമൂഹത്തിൽ നേരിട്ട അപമാനം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയവയും കുട്ടികളുടെ ആത്മഹത്യയ്ക്ക് പിറകിലെ കാരണമായിട്ടുണ്ട്.

പുറത്തുവന്ന കണക്കുകൾ 2019 വരെയുള്ളതായത് കൊണ്ട് കോവിഡ് കാലഘട്ടത്തിലുണ്ടായ പ്രതിസന്ധിയിലും ഒറ്റപ്പെടലിലും ആത്മഹത്യ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉൾപ്പെട്ടിട്ടില്ല. ആ കണക്ക് കൂടി പുറത്തുവന്നാൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തുവരിക.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News