'ഭര്‍ത്താവിന് തന്നേക്കാള്‍ സ്നേഹം മകളോട്'; 42 ദിവസം പ്രായമുള്ള കുഞ്ഞിനെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊന്ന് അമ്മ

ജോലി കഴിഞ്ഞെത്തിയ പിതാവാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്

Update: 2025-09-13 08:38 GMT
Editor : Lissy P | By : Web Desk

കന്യാകുമാരി: തമിഴ്നാട്ടിലെ കരുങ്കലിനടുത്ത് 42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. പാലൂര്‍ സ്വദേശി ബെനിറ്റ ജെ അന്നൽ (20) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.  പിതാവായ ദിണ്ടിഗൽ സ്വദേശി  എം. കാർത്തിക് (21) ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിലായ കുഞ്ഞിനെ കണ്ടെത്തിയത്.

ഉടൻ തന്നെ അവർ കുഞ്ഞിനെ കരുങ്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാല്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.   അസ്വാഭാവിക മരണത്തിന്   കരുങ്ങൽ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കന്യാകുമാരിയിലെ ഗവ.  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

Advertising
Advertising

കുഞ്ഞിന്‍റെ തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറിന്റെ ചെറിയ കഷണങ്ങൾ കണ്ടെത്തിയതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ താനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് യുവതി സമ്മതിച്ചു.

കാര്‍ത്തിക്കിന്‍റെയും ബെനിറ്റയുടെയും പ്രണയവിവാഹമായിരുന്നു. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. പ്രസവശേഷം ബെനിറ്റ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. കാർത്തിക് ഇടയ്ക്കിടെ ഇവരെ കാണാനെത്തുമായിരുന്നു. കാർത്തിക് തന്നേക്കാൾ കുഞ്ഞിനോട് കൂടുതൽ സ്നേഹം കാണിക്കുന്നുണ്ടെന്ന് ബെനിറ്റ വിശ്വസിക്കാൻ തുടങ്ങി. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലായിരുന്ന ബെനിറ്റ ഭർത്താവ് തന്നെ അവഗണിക്കുന്നുവെന്നും കുഞ്ഞിനോട് കൂടുതൽ വാത്സല്യവും സ്നേഹവും കാണിക്കുന്നുവെന്നുമുള്ള സംശയത്തെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.  വായില്‍ ടിഷ്യു പേപ്പറുകൾ തിരുകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ബെനിറ്റ പൊലീസിനോട് പറഞ്ഞു. ബെനിറ്റയെ പിന്നീട് ഇരണിയൽ കോടതിയിൽ ഹാജരാക്കി കൊക്കിരക്കുളത്തെ വനിതാ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News