13 പേരുടെ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുപോയി; പരിക്കേറ്റ ക്യാപ്റ്റന് ബംഗളൂരുവിൽ തുടർചികിത്സ

സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെ നാട്ടുകാർ സ്വീകരിച്ചു. നൂറുകണക്കിന് പേർ ആദരാഞ്ജലികളർപ്പിച്ചു

Update: 2021-12-09 13:54 GMT
Advertising

ഊട്ടി കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ച്‌ ഡൽഹിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 7.40 ന് ഡൽഹിയിലെത്തിക്കും. ഡൽഹി പാലം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ഇന്ന് വൈകുന്നേരം പാലം സൈനിക വിമാനത്താവളത്തിൽ ഭൗതികശരീരങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കും. അപകടത്തിൽപ്പെട്ട സൈനികരുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷമാണ് മൃതദേഹം വിട്ടുനൽകും. അതിന് മുമ്പ് പ്രത്യേക പരിശോധനയും നടത്തും.

വെല്ലിങ്ടണിലെ സൈനിക മൈതാനിയിൽ ഗാർഡ് ഓണർ നൽകി റോഡ് മാർഗം വിലാപയാത്രയായാണ് സുലൂരിലെത്തിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെ നാട്ടുകാർ സ്വീകരിച്ചു. നൂറുകണക്കിന് പേർ ആദരാജ്ഞലികളർപ്പിച്ചു. കോയമ്പത്തൂർ സേലം ഹൈവേയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു.

Full View

വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടുവെങ്കിലും പെട്ടെന്ന് പരിഹരിച്ച് യാത്ര തുടർന്നു. ആംബുലൻസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലർക്ക് സാരമായ പരിക്കുണ്ട്. വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം കൊണ്ടുപോകവേയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തിക്കും. റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച ഡൽഹി ബ്രാർ സ്‌ക്വയറിൽ നടക്കും. ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വെക്കും. ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 യാത്രികരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കം 13 പേരും മരിച്ചിരുന്നു. രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിങ് ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. തൃശ്ശൂർ സ്വദേശിയാണ് ഇദ്ദേഹം. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്.

ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത് 2020 ജനുവരി ഒന്നിനാണ്. 2016- 19 കാലയളവിൽ കരസേനാ മേധാവിയും ഇന്ത്യയുടെ 26ാമത് സൈനിക മേധാവിയുമായിരുന്നു. വിശിഷ്ടസേവാ മെഡൽ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തീവ്രവാദം നിയന്ത്രിച്ചതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം കോംഗോയിൽ സംയുക്ത സമാധാന സേനയെ നയിച്ചിരുന്നു. ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45 ന് വെല്ലിങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News