മീഡിയവൺ സംപ്രേഷണ വിലക്കിൽ ലോക്‌സഭയിൽ വീണ്ടും പ്രതിഷേധം: വിലക്ക് പിൻവലിക്കണമെന്ന് അമിത് ഷായോട് എംപിമാർ ആവശ്യപ്പെട്ടു

എന്തു കാരണത്താലാണ് മീഡിയവണിന്റെ ലൈസൻസ് റദ്ദ് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സർക്കാർ ചാനൽ അധികൃതർക്ക് വിശദീകരണം നൽകിയിട്ടില്ല. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതരെയുള്ള കടന്നുകയറ്റമാണെന്നും അധീർ രഞ്ജൻ ചൗധരി

Update: 2022-02-07 18:38 GMT
Editor : afsal137 | By : Web Desk

മീഡിയവൺ സംപ്രേഷണ വിലക്കിൽ ലോക്‌സഭയിൽ വീണ്ടും പ്രതിഷേധം. വിലക്ക് പിൻവലിക്കണമെന്ന് അമിത് ഷായോട് എംപിമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷുമാണ് ഇക്കാര്യം സഭയിൽ ആവശ്യപ്പെട്ടത്.

ചാനൽ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ജമ്മുകാശ്മീരിൽ മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കടന്നാക്രമണത്തെയും അടിയന്തിര പ്രമേയത്തിൽ അദ്ദേഹം പരാമർശിച്ചു. പക്ഷേ സ്പീക്കർ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണുണ്ടായത്.

Advertising
Advertising

പിന്നീട് സഭ അവസാനിക്കുന്നതിന് മുന്നോടിയായി സീറോ അവറിൽ എംപിമാർക്ക് പ്രത്യേക ആവശ്യങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് മീഡിയവണിന്റെ ലൈസൻസ് റദ്ദ് ചെയ്ത ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ചൗധരി ചോദ്യം ചെയ്തതും മീഡിയവണിന്റെ വിലക്ക് പിൻവലിക്കണമെന്ന് സഭയിൽ ആവശ്യപ്പെടുകയും ചെയ്തത്. എന്തു കാരണത്താലാണ് മീഡിയവണിന്റെ ലൈസൻസ് റദ്ദ് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സർക്കാർ ചാനൽ അധികൃതർക്ക് വിശദീകരണം നൽകിയിട്ടില്ല. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതരെയുള്ള കടന്നുകയറ്റമാണെന്നും അധീർ രഞ്ജൻ ചൗധരി സഭയിൽ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ പരാമർശത്തിനു തൊട്ടു പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരണവുമായെത്തിയത്. അധീർ രഞ്ജൻ ചൗധരിയുടെ പരാമർശങ്ങളെ പിന്തുണച്ചാണ് കൊടിക്കുന്നിൽ സുരേഷും സംസാരിച്ചത്. അതേസമയം സഭയിലുണ്ടായിരുന്ന ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, രമ്യാഹരിദാസ് അടക്കമുള്ള എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തി. അധീർ രഞ്ജന് ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെട്ടു.പിന്നീട് ബഹളം ശക്തമായതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുന്നു എന്ന് സ്പീക്കർ അറിയിച്ചു. സഭ പിരിച്ചു വിട്ടതിന് ശേഷവും ലോക്‌സഭയിലുണ്ടായിരുന്ന അമിത്ഷായുടെ അടുത്തു പോയി കേരളത്തിൽ നിന്നുള്ള എംപിമാർ പരാതി ബോധിപ്പിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് മീഡിയവൺ വിലക്കുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് അമിത് ഷാ എംപിമാരെ അറിയിച്ചത്. 



Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News