ജന്‍പഥ് പത്തില്‍ മുകേഷ് അംബാനി; സോണിയയുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച

കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിലെത്തി എന്‍.സി.പി തലവന്‍ ശരത് പവാറിനെയും മുകേഷ് അംബാനി കണ്ടിരുന്നു

Update: 2024-07-04 15:21 GMT
Editor : Shaheer | By : Web Desk

ന്യൂഡല്‍ഹി: ജന്‍പഥ് പത്തിലെ വസതിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി. മകന്‍ ആനന്ദും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തിലേക്കു ക്ഷണിക്കാനായാണ് റിലയന്‍സ് മേധാവി എത്തിയതെന്നാണു വിവരം. ജൂലൈ 12നാണ് ആനന്ദ്-രാധിക വിവാഹം മുംബൈയില്‍ നടക്കുന്നത്.

മുകേഷ് അംബാനിയും സോണിയയും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന്റെ വിവാഹത്തിലേക്കു ക്ഷണിക്കാനായി പ്രമുഖ രാഷ്ട്രീയ നേതാക്കളെ മുകേഷ് അംബാനി നേരില്‍ കാണുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിലെത്തി എന്‍.സി.പി തലവന്‍ ശരത് പവാറിനെയും അദ്ദേഹം കണ്ടിരുന്നു.

Advertising
Advertising

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലുള്ള ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രധാന വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ജൂലൈ 12നു ചടങ്ങുകള്‍ക്കു തുടക്കമാകും. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രരീതിയില്‍ എത്താന്‍ അതിഥികള്‍ക്കു പ്രത്യേകം നിര്‍ദേശം നല്‍കിയതായി 'എക്ണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈ 14 വരെ ചടങ്ങുകള്‍ നീണ്ടുനില്‍ക്കും. വിവാഹത്തിനു മുന്നോടിയായി അനുഗ്രഹം തേടി നിത അംബാനി കഴിഞ്ഞ ദിവസം യു.പിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ അഹ്മദാബാദിലെ ജാംനഗറില്‍ നടന്ന പ്രീവെഡ്ഡിങ് ആഘോഷം അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. ആഗോള ബിസിനസ് പ്രമുഖര്‍ മുതല്‍ രാജ്യത്തെ വിനോദ, കായികരംഗങ്ങളില്‍നിന്നുള്ള പ്രധാന സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ആഘോഷത്തില്‍ സംബന്ധിച്ചിരുന്നു. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഭാര്യ പ്രിസ്‌കില്ല ചാനൊപ്പമാണ് എത്തിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

പോപ്പ് താരം റിഹാന്നയുടെ സംഗീത പരിപാടിയായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, കരീന കപൂര്‍, അക്ഷയ് കുമാര്‍, രണ്‍ബീര്‍ കപൂര്‍, കരിഷ്മ കപൂര്‍, സൈഫ് അലി ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി ഉള്‍പ്പെടെ താരസംഗമ വേദി കൂടിയായി ആനന്ദ്-രാധിക പ്രീവെഡ്ഡിങ് ആഘോഷം.

Summary: Mukesh Ambani meets Sonia Gandhi at her residence, 10 Janpath, to invite for Anant-Radhika wedding

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News