ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് വാദം; മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇവിഎം ഹാക്കിങ് വാദം ഉന്നയിച്ചതിന് ഷുജാ സയ്യിദിനെതിരെ കേസെടുത്തിരുന്നു

Update: 2024-12-01 17:37 GMT
Editor : Shaheer | By : Web Desk

മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(ഇവിഎം) ഹാക്ക് ചെയ്യാനാകുമെന്ന് അവകാശപ്പെട്ടതിനു മലയാളിക്കെതിരെ കേസെടുത്തു. യുഎസിൽ ജോലി ചെയ്യുന്ന ഷുജാ സയ്യിദിനെതിരെയാണ് മുംബൈ സൈബർ പൊലീസിന്റെ നടപടിയെന്ന് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും സമാനമായ വാദം ഉന്നയിച്ചതിന് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പ്രതിപക്ഷം ഇവിഎം ക്രമക്കേട് ആരോപിക്കുന്നതിനിടെയാണ് ഷുജാ സയ്യിദ് സോഷ്യൽ മീഡിയ വിഡിയോയിലൂടെ സമാനമായ വാദം ഉയർത്തുന്നത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇവിഎം ക്രമക്കേടിനു സാധ്യതയുണ്ടെന്നാണ് യുവാവ് വിഡിയോയിലൂടെ വാദിച്ചത്. ഇതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ മുംബൈ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 317/4, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.

Advertising
Advertising

ഇവിഎമ്മുകളിൽ ക്രമക്കേട് നടത്താനാകില്ലെന്നും വൈഫൈ, ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള ഒരു നെറ്റ്‌വർക്കുമായും ബന്ധിപ്പിക്കാനാകില്ലെന്നും മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫിസർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതിനാൽ ഇവിഎം ദുരുപയോഗപ്പെടുത്താനാകുമെന്ന ചോദ്യം ഉയരുന്നില്ല. സുപ്രിംകോടതി പലഘട്ടങ്ങളിൽ ഇവിഎമ്മിലുള്ള വിശ്വാസം ഉറപ്പാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും അഭ്യൂഹങ്ങളും തീർക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽ വിശദമായ ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

2019ൽ യുകെയിൽ നടന്ന ഒരു അക്കാദമിക കോൺഫറൻസിലാണ് ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് ഷുജാ സയ്യിദ് വാദിച്ചത്. അവസാനമായി യുകെയിലാണ് ഇദ്ദേഹത്തിന്റെ ലൊക്കേഷൻ കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.

Summary: Mumbai cyber police registers FIR against US-based Malayali over claims to hack EVMs

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News