ദോശ തിന്നാൻ പോയതാ, വർത്തമാനം കൈവിട്ടുപോയി...ഇപ്പോൾ പോക്സോ കേസിൽ പ്രതി

സ്ത്രീക്കും 12 കാരിക്കും ഹോട്ടലുടമ ആദ്യം ദോശ വിളമ്പിയതിനെത്തുടർന്നാണ് മുംബൈ സ്വദേശി ഇരുവരോടും ലൈംഗികച്ചുവയോടെ സംസാരിച്ചത്

Update: 2024-05-22 10:18 GMT
Editor : Anas Aseen | By : Web Desk
Advertising

മുംബൈ: ആദ്യം​ ദോശ നൽകാത്തതിന് യുവതിക്കും മകൾക്കുമെതിരെ ലൈംഗികചുവയോടെ സംസാരിച്ച യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു പൊലീസ്. മുംബൈയിലാണ് സംഭവം. ദോശ വിൽപനക്കാരൻ ആദ്യം ഒരു സ്ത്രീക്കും അവളുടെ 12 വയസ്സുള്ള മകൾക്കും ദോശ വിളമ്പിയതിനെത്തുടർന്നാണ് ഭക്ഷണം കഴിക്കാനെത്തിയ മുംബൈ സ്വദേശി ഇരുവരെയും അധിക്ഷേപിച്ച് അശ്ലീല വർത്തമാനങ്ങൾ നടത്തിയത്.

പോക്‌സോ നിയമവും ​ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കണ്ടെത്താനുള്ള ​ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

36 കാരിയായ വീട്ടമ്മയുടെ പരാതിയിൽ പറയുന്നതിങ്ങനെയാണ്: മകളോടൊപ്പം ചൊവ്വാഴ്ച വൈകുന്നേരമാണ് സെൻട്രിയം മാളിനടുത്തുള്ള ഒരു പ്രാദേശിക ദോശ വിൽപനക്കാരന്റെ അടുത്തേക്ക് പോകുന്നത്. ആ സമയം ചില ഉപഭോക്താക്കൾ അവിടെ ദോശ കഴിക്കുന്നുണ്ടായിരുന്നു. പാഴ്സലിനാണ് താൻ ഓർഡർ നൽകിയത്.

കുറച്ച് സമയത്തിന് ശേഷം, വിൽപ്പനക്കാരൻ പാഴ്സൽ നൽകിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണം കഴിക്കാനെത്തിയ പ്രതി തങ്ങൾക്ക് നേരെ ആക്രോശിക്കുകയും അശ്ലീല വർത്തമാനങ്ങൾ പറയുകയും ചെയ്തു. സംഭവമറിഞ്ഞ് ബന്ധുവെത്തിയപ്പോഴും അദ്ദേഹത്തെ പ്രതിയും സുഹൃത്തും ചേർന്ന് മർദിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കുട്ടിക്ക് നേ​രെ ലൈംഗികച്ചുവയോടെ സംസാരിച്ചതിനാണ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News