ഓണ്‍ലൈന്‍ ഡെലിവറി ആപ്പിലൂടെ ഒരു ലിറ്റര്‍ പാല്‍ ഓര്‍ഡര്‍ ചെയ്ത 71കാരിക്ക് നഷ്ടമായത് 18.5 ലക്ഷം രൂപ..!

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Update: 2025-08-16 08:44 GMT
Editor : Lissy P | By : Web Desk

മുംബൈ: ഓണ്‍ലൈനിലായി പാല്‍ ഓര്‍ഡര്‍ ചെയ്ത വയോധികയുടെ 18.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുബൈയിലാണ് 71കാരി സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ടത്. ഈ മാസം ആദ്യമാണ് ഒരു ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്ന് വയോധിക പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ചത്.പിന്നാലെയാണ് വഡാലയില്‍ താമസിക്കുന്ന സ്ത്രീയുടെ  മുഴുവൻ ബാങ്ക് സമ്പാദ്യം രണ്ട് ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ടത്.

ആഗസ്ത് നാലിനാണ് പാല്‍ കമ്പനിയുടെ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ്  ദീപക് എന്നയാള്‍ ഇവരെ വിളിച്ചത്. മൊബൈൽ ഫോൺ നമ്പറിലേക്ക് ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും പാല്‍ ഓര്‍ഡര്‍ ചെയ്തതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

Advertising
Advertising

ഫോണ്‍ കോള്‍ കട്ട് ചെയ്യാതെ ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ഇയാള്‍ ആവശ്യപ്പെട്ടു.പിന്നാലെ കൂടുതല്‍ നിര്‍ദേശങ്ങളും നല്‍കി.ഒരുമണിക്കൂറിലധികം ഫോണ്‍ സംഭാഷണം നീണ്ടു.  പന്തികേട് തോന്നിയ സ്ത്രീ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ പിറ്റേദിവസവും ഇവര്‍ക്ക് അതേ ഫോൺ നമ്പറില്‍ നിന്ന് കോള്‍ വന്നു. അയാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചെന്നും പരാതിക്കാരി പറയുന്നു.

തൊട്ടടുത്ത ദിവസമാണ് തന്റെ ഒരു അക്കൗണ്ടിൽ നിന്ന് 1.7 ലക്ഷം രൂപ നഷ്ടമായതായി ഇവര്‍ക്ക് മനസിലായത്.കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തന്‍റെ മറ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകളും കാലിയായെന്ന വിവരം തിരിച്ചറിയുന്നത്. മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി ഏകദേശം 18.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.

പരാതിക്കാരിയുടെ മൊബൈൽ ഫോണിലേക്ക് അയച്ച ലിങ്കിൽ ക്ലിക്കുചെയ്‌തിന് പിന്നാലെ പ്രതി ഫോൺ ഹാക്ക് ചെയ്ത് ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചെന്നും ഇതുവഴിയാണ് തട്ടിപ്പ് നടന്നതെന്നും പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News