ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം; മകളുടെ മുന്നിലിട്ട് യുവാവിനെ ക്രൂരമായി മര്‍ദിച്ചു

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

Update: 2021-08-12 12:07 GMT
Editor : Suhail | By : Web Desk

ഉത്തര്‍പ്രദേശില്‍ 'ജയ്ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മുസ്‍ലിം യുവാവിനെ ജയ് ശ്രീറാം വിളിപ്പിക്കുകയും തെരവിലൂടെ നടത്തിച്ച് മര്‍ദിക്കുകയും ചെയ്തത്. വാവിട്ടു കരയുന്ന ഇദ്ദേഹത്തിന്റെ കുഞ്ഞുമകളുടെ മുന്നിലിട്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്.

ബംജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് യുവതികളെ മുസ്‍ലിങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതായി ബജ്രംഗ് ദള്‍ നേരത്തെ ആരോപിച്ചിരുന്നു. ഗ്രാമത്തില്‍ നടന്ന ബജ്രംഗ്ദളിന്റെ യോഗം അവസാനിച്ച ഉടനെയാണ് അക്രമം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

Advertising
Advertising

ആള്‍ക്കൂട്ടാക്രമത്തിനിടെ പൊലീസെത്തി ഇയാളെയും മകളെയും പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ പത്തു പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

കാണ്‍പൂരിലെ ഇ റിക്ഷഡ്രൈവര്‍ക്കാണ് മര്‍ദനേറ്റതെന്ന് പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിക്ഷ ഓടിക്കുന്നതിനിടെ ഒരു സംഘം വന്ന് അസഭ്യം പറയുകയും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നാണ് ഇയാള്‍ പൊലീസില്‍ പറഞ്ഞത്. ഗ്രാമത്തിലുള്ള ഇദ്ദേഹത്തിന്റെ ബന്ധു, ഹിന്ദുവായ അയല്‍ക്കാരനുമായി കഴിഞ്ഞ മാസം മുതല്‍ കേസ് നടന്നുവരികയായിരുന്നുവെന്നും കാണ്‍പൂര്‍ പൊലീസ് രേഖകളുടെ അടിസ്ഥാനത്തില്‍ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അടുത്തകാലത്തായി ഇവരുടെ കേസില്‍ ഇടപ്പെട്ട ബജ്രംഗ്ദളുകാര്‍ മുസ്‍ലിം കുടുംബത്തിനെതിരെ ലവ് ജിഹാദ് ആരോപണം ഉന്നയിക്കുകയും നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിവരുന്നതായി പ്രചരിപ്പിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണ്‍പൂര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ രവീണ ടാണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News