ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

അക്രമികൾ കൊല്ലപ്പെട്ട മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്

Update: 2024-05-25 07:22 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ഗുജറാത്തിൽ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആൾക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷൻ നവ സ്വദേശി മിഷ്രി ഖാൻ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നൽകാനായി രണ്ട് കന്നുകാലികളുമായി വാഹനത്തിൽ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈൻ ഖാൻ ബലോച്ചും. കന്നുകാലി ചന്തയിൽനിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡിൽ തടഞ്ഞു. തുടർന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മർദിച്ചു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാൻ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈൻ ഖാൻ അക്രമികളിൽനിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവൻ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഹുസൈൻ ഖാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു. കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധിപറയാനിരിക്കെയാണു പുതിയ സംഭവം.

മിഷ്രി ഖാന്റെ കൊലപാതകം ആൾക്കൂട്ടക്കൊലയാണെന്ന് ഗുജറാത്തിലെ ന്യൂനപക്ഷ കോഡിനേഷൻ കമ്മിറ്റി പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾക്കെതിരെ സർക്കാർ നടപടി ശക്തമാക്കണം. ഇത്തരം സംഭവങ്ങളുണ്ടാകുന്ന മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, സംഭവം ആൾക്കൂട്ടക്കൊലയാണെന്നു വിശേഷിപ്പിക്കാൻ പൊലീസ് തയാറായിട്ടില്ല. ആക്രമണത്തിന് വർഗീയമാനമില്ലെന്നാണ് ബനസ്‌കന്ത എശ്.പി അക്ഷയ്രാജ് മക്‌വാന പ്രതികരിച്ചത്.

Summary: Muslim man beaten to death by cow vigilantes in Gujarat's Banaskantha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News