മിശ്ര വിവാഹം: ഭോപ്പാലിൽ യുവാവിന് കോടതിയിൽ വെച്ച് വിഎച്ച്പി പ്രവർത്തകരുടെ മർദനം

സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ചേർന്നാണ് യുവാവിനെ മർദിച്ചത്

Update: 2025-02-08 10:04 GMT
Editor : സനു ഹദീബ | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിൽ മിശ്ര വിവാഹം കഴിക്കാനായി കോടതിയിൽ എത്തിയ യുവാവിന് വിഎച്ച്പി പ്രവർത്തകരുടെ ക്രൂരമർദ്ദനം. ഭോപ്പാലിലെ ജില്ലാ കോടതിയിൽ വെച്ചാണ് യുവാവിനെ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ചേർന്ന് മർദിച്ചത്. നർസിംഗ്പൂർ സ്വദേശിയായ മുസ്ലീം യുവാവ് പിപാരിയാ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനായാണ് ഭോപ്പാലിൽ എത്തിയത്. രേഖകൾ സാക്ഷ്യപ്പെടുത്താൻ ഇവർ അഭിഭാഷകന്റെ അടുത്ത് എത്തിയപ്പോഴാണ് രണ്ടുപേർ ചേർന്ന് മർദിച്ചത്.

അഭിഭാഷകരിൽ നിന്ന് വിവാഹത്തെക്കുറിച്ച് വിവരം ചോർന്ന് കിട്ടിയതോടെയാണ് കോടതി പരിസരത്ത് ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങൾ ഒത്തുകൂടിയത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ യുവാവ് ബ്ലാക്ക് മെയ്ൽ ചെയ്ത് സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. യുവാവ് ക്രൂരമായി മർദിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

Advertising
Advertising

അക്രമികൾ യുവാവിന്റെ മുഖത്ത് ചവിട്ടുന്നതും നിലത്തിട്ട് അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിന് ശേഷം ദമ്പതികളെ എംപി നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴികളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് എംപി നഗർ സോണിലെ എസിപി അക്ഷയ് ചൗധരി വ്യക്തമാക്കി. ഇവരുടെ വിവാഹം നിയമങ്ങൾ പാലിച്ചുള്ളതാണോ, മറ്റ് പ്രശ്‍നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

മതപരിവർത്തനത്തിനുവേണ്ടിയുള്ള വഞ്ചനാപരമായ വിവാഹങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, മിശ്ര വിവാഹങ്ങളെ നിയന്ത്രിക്കുന്ന മതസ്വാതന്ത്ര്യ നിയമം 2021-ൽ മധ്യപ്രദേശ് സർക്കാർ പാസാക്കിയിരുന്നു. ഇതുപ്രകാരം, ഇരയ്‌ക്കോ, ബന്ധുക്കൾക്കോ ​​രക്ഷിതാക്കൾക്കോ ​​വഞ്ചനാപരമായ വിവാഹങ്ങൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News