'തുളസി ഭായിക്ക് സ്വാഗതം'; ലോകാരോഗ്യ സംഘടനാ അധ്യക്ഷനെ ഗുജറാത്തിയിൽ അഭിസംബോധന ചെയ്ത് മോദി

കഴിഞ്ഞ വർഷം നടന്ന ഗ്ലോബൽ ആയുഷ് ഉച്ചകോടിയിൽ മോദി അഥാനത്തിന് നൽകിയ പേരാണ് 'തുളസി ഭായ്'

Update: 2023-08-16 12:17 GMT
Advertising

ലോകാരോഗ്യ സംഘടനാ അധ്യക്ഷൻ ടെഡ്രോസ് അഥാനത്തിനെ ഗുജറാത്തിയിൽ അഭിസംബോധന ചെയ്ത് മോദി. തുളസി ഭായ് എന്നാണ് അഥാനത്തിന് മോദി നൽകിയിരിക്കുന്ന പേര്. പ്രിയ സുഹൃത്ത് തുളസി ഭായ്ക്ക് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് ലോകാരോഗ്യസംഘടനയുടെ ജി-20 ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അഥാനത്തിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

'പ്രിയ സുഹൃത്ത് തുളസി ഭായ് നവരാത്രിക്കായി ഒരുങ്ങിക്കഴിഞ്ഞു. അദ്ദേഹത്തിന് ഇന്ത്യയിലെക്ക് സ്വാഗതം'- മോദി എക്‌സിൽ കുറിച്ചു. ഡാണ്ഡിയ നൃത്തത്തിന് ചുവട് വയ്ക്കുന്ന അഥാനത്തിന്റെ വീഡിയോയും മോദി പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന ഗ്ലോബൽ ആയുഷ് ഉച്ചകോടിയിൽ വെച്ച് മോദി അഥാനത്തിന് നൽകിയ പേരാണ് തുളസി ഭായ്. ടെഡ്രോസ് തന്റെ നല്ല സുഹൃത്താണെന്നും തനിക്കൊരു ഗുജറാത്തി പേര് നൽകാമോ എന്ന് ചോദിച്ചപ്പോൾ തുളസി ഭായ് എന്ന് താൻ നിർദേശിക്കുകയായിരുന്നുവെന്നും മോദി അന്ന് തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇന്ത്യൻ അധ്യാപകർ നൽകിയ വിദ്യാഭ്യാസം മൂലമാണ് താനിന്നീ നിലയിലെത്തിയതെന്ന് ടെഡ്രോസ് പറഞ്ഞിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തിരുന്നു.

ജി-20 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ, ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർമാർ, ശാസ്ത്രജ്ഞർ എന്നിവരടക്കം നിരവധി പേർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം 17,18 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ വെച്ചാണ് ഉച്ചകോടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News