സൈന്യത്തിനെതിരെ നിസ്സഹകരണ സമരം പ്രഖ്യാപിച്ച് നാഗാലാന്‍ഡിലെ ഗോത്രവിഭാഗം‍

സേനയുടെ വെടിവെപ്പില്‍ മോണ്‍ ജില്ലയിലെ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൊന്യാക് യൂണിയന്‍റെ തീരുമാനം.

Update: 2021-12-14 10:51 GMT
Advertising

സൈന്യത്തിനെതിരെ നിസ്സഹകരണ സമരം പ്രഖ്യാപിച്ച് നാഗാലാന്‍ഡിലെ ഗോത്രവിഭാഗം‍. സേനയുടെ വെടിവെപ്പില്‍ മോണ്‍ ജില്ലയിലെ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൊന്യാക് യൂണിയന്‍റെ തീരുമാനം.

കൊന്യാക് ഗോത്രവിഭാഗം സായുധ സേനയ്‌ക്കെതിരെ സമ്പൂർണ നിസ്സഹകരണ സമരമാണ് പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കുന്നതുവരെ കൊന്യാക് മണ്ണിനുള്ളിൽ സൈന്യത്തിന്‍റെ വാഹനവ്യൂഹങ്ങള്‍ക്കും പട്രോളിങിനും പൂർണ നിയന്ത്രണമാണ് ഗോത്ര വിഭാഗം പ്രഖ്യാപിച്ചത്.

കൊന്യാക് ഗ്രാമ കൗൺസിലുകളോ വിദ്യാർഥികളോ ഏതെങ്കിലും തരത്തിലുള്ള വികസന പാക്കേജുകളോ സഹായങ്ങളോ സായുധ സേനയിൽ നിന്ന് സ്വീകരിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. മോൺ ജില്ലയിൽ സൈനിക റിക്രൂട്ട്‌മെന്‍റ് റാലികൾ അനുവദിക്കില്ലെന്നും കൊന്യാക് യൂണിയൻ പ്രഖ്യാപിച്ചു.

സൈനിക ബേസ് ക്യാമ്പുകൾ (ഓപ്പറേറ്റിംഗ് പോയിന്‍റുകൾ) സ്ഥാപിക്കുന്നതിന് ഭൂമി കൈമാറാനുള്ള മുന്‍കാല കരാറുകൾ ഉൾപ്പെടെ ഇന്ത്യൻ സേനയുമായുള്ള എല്ലാ തരത്തിലുള്ള ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ഭൂവുടമകള്‍ക്ക് കൊന്യാക് യൂണിയന്‍ നിര്‍ദേശം നല്‍കി. നിസ്സഹകരണത്തിന്‍റെ ഭാഗമായി എല്ലാ വാഹനങ്ങളിലും കരിങ്കൊടി ഉയർത്തുമെന്നും എല്ലാവരും കറുത്ത ബാഡ്ജ് ധരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

മോൺ ജില്ലയ്ക്കുള്ളിൽ രാത്രി ബസാറുകൾ, വിനോദയാത്ര ഉള്‍പ്പെടെ ഒരു വിനോദ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്നും ഗോത്രവിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു. വിവാഹങ്ങൾ, പള്ളി പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളില്ല.

കൽക്കരി ഖനിയിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തൊഴിലാളികളാണ് സൈന്യത്തിന്‍റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വിഘടനവാദികളുടെ വാഹനമാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു വിശദീകരണം. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News