'മോദി എന്നെങ്കിലുമൊരു മുസ്‍ലിം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നു; അദ്ദേഹം മൂങ്ങയെ പോലെ': നടൻ നസീറുദ്ദീൻ ഷാ

മോദിയുടെ സംസാരത്തിൽ വിവേകം കുറഞ്ഞുവരികയാണ്. പഴയ മോദിയിൽ നിന്ന് പുതിയ മോദിയായി മാറുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും നസീറുദ്ദീൻ ഷാ പ്രതികരിച്ചു.

Update: 2024-06-12 12:04 GMT

ന്യൂഡൽഹി: മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത നടനും സംവിധായകനും സാമൂഹിക വിമർശകനുമായ നസീറുദ്ദീൻ ഷാ. മോദിയെ മൂങ്ങയോട് താരതമ്യം ചെയ്ത ഷാ, പ്രധാനമന്ത്രിക്ക് വിവേകം കുറഞ്ഞുവരികയാണെന്നും പറഞ്ഞു. മോദി സർക്കാർ മൂന്നാമതും സത്യപ്രതിജ്ഞ​ ചെയ്തതിനു പിന്നാലെ വാർത്താപോർട്ടലായ ‘ദി വയറി’നു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്താൽ മുസ്‌ലിംകളോട് മോദിക്ക് ഒരു വെറുപ്പും ഇല്ലെന്ന് സൂചിപ്പിക്കുന്നതാവും അത്. അത് മുസ്‍ലിംകളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ അത് വലിയ സഹായമായിരിക്കും. മുമ്പ് ഒരു ചടങ്ങിൽ മോദി തൊപ്പി ധരിക്കാൻ വിസമ്മതിച്ചതും അദ്ദഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

മോദിയുടെ സംസാരത്തിൽ വിവേകം കുറഞ്ഞുവരികയാണ്. തന്നെ ദൈവം അയച്ചതാണെന്നോ ദൈവമാണെന്നോ ഒക്കെ മോദി വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ഭയപ്പെ​ടേണ്ട കാര്യമാണെന്നും നസീറുദ്ദീൻ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആജീവനാന്ത പ്രധാനമന്ത്രിയാവുമെന്നാണ് മോദി കരുതിയിരുന്നതെങ്കിലും ഇപ്പോൾ അധികാരം പങ്കിടുക എന്നത് അ​ദ്ദേഹത്തിനൊരു കയ്പേറിയ ഗുളിക പോലെയായിരിക്കുന്നു- ഷാ വ്യക്തമാക്കി.

പഴയ മോദിയിൽ നിന്ന് പുതിയ മോദിയായി മാറുന്നത് എളുപ്പമാണോ എന്ന് ചോദ്യത്തിന്, പ്രധാനമന്ത്രിക്ക് അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നസിറുദ്ദീൻ ഷാ പ്രതികരിച്ചു. അദ്ദേഹം അത്ര നല്ല നടനല്ല. മോദിയുടെ അളന്ന പുഞ്ചിരിയും മുതലക്കണ്ണീരും തന്നെ ഒരിക്കലും തൃപ്തിപ്പെടുത്തിയിട്ടില്ല.

പുതിയ മോദിയാവാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ഷാ അഭിപ്രായപ്പെട്ടു. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങൾ അവസാനിച്ചുകാണാനും കൂടുതൽ വനിതകൾ ജനപ്രതിനിധികളാവുന്നത് കാണാനും താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

10 വർഷത്തിനിടയിലെ ഏറ്റവും മോശം ഫലത്തിലേക്ക് ബിജെപിക്ക് ഭൂരിപക്ഷം നഷ്‌ടപ്പെടുകയും താഴുകയും ചെയ്‌തു എന്ന വാർത്ത കേട്ടപ്പോൾ തനിക്ക് ആഹ്ലാദം തോന്നിയെന്നും ആശ്വാസത്തിന്റെ നെടുവീർപ്പ് പുറപ്പെടുവിച്ചതായും നസീറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു. വിഖ്യാത മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് ഷായുടെ പ്രതികരണങ്ങൾ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News