''നവാബ് മാലിക്കിന് മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി ബന്ധമുണ്ട്‌''; ഫഡ്‌നാവിസ്

ഇതിനുളള രേഖകൾ തന്റെ കയ്യിലുണ്ട്. പൊലീസിനോ എൻഐക്കോ താൻ തെളിവുകൾ നൽകാമെന്നും ഫഡ്‌നാവിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Update: 2021-11-09 09:48 GMT
Editor : abs | By : Web Desk
Advertising

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതിനുളള രേഖകൾ തന്റെ കയ്യിലുണ്ട്. പൊലീസിനോ എൻഐക്കോ താൻ തെളിവുകൾ നൽകാമെന്നും ഫഡ്‌നാവിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

''അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുടെ ബിനാമിയായ സലീം പട്ടേൽ, മുംബൈ സ്‌ഫോടനക്കേസിലെ പ്രതി ബാദുഷാ ഖാൻ എന്നിവരിൽ നിന്ന് 2005 ൽ നവാബ് മാലിക് കുർളയിൽ 2.8 ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്. ഇത് സോളിഡസ് പ്രൈമറ്റ് ലിമിറ്റിഡിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് നവാബ് മാലിക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണ്. കമ്പനിയിൽ നിന്ന് രാജിവെച്ച ശേഷമാണ് നവാബ് മാലിക് മന്ത്രിയാവുന്നത്''. ഫഡ്‌നാവിസ് പറഞ്ഞു.

സലീം പട്ടേലിനെ നവാബ് മാലിക്കിന് അറിയാമായിരുന്നു. എന്നിട്ടും ഭൂമി വാങ്ങി. നവാബ് മാലികിന് അധോലോകവുമായി ബന്ധമുണ്ട്. ഇത്തരത്തിൽ  നാല് ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതെല്ലാം അടങ്ങുന്ന രേഖ തന്റെ കയ്യിലുണ്ട്. അധികൃതർക്ക് വിവരങ്ങൾ കൈമാറും. പാർട്ടി അധ്യക്ഷൻ ശരദ് പവാറിനും വിവരങ്ങൾ നൽകുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

ഫഡ്‌നാവിസിന് മയക്കുമരുന്ന് വിൽപ്പനക്കാരുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞയാഴ്ച നവാബ് മാലിക് ഉന്നയിച്ചിരുന്നു. മയക്കുമരുന്ന് കേസ് പ്രതിയോടപ്പം ഫഡ്‌നാവിസ് നിൽക്കുന്ന ഫോട്ടോയും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. എന്നാൽ നവാബ് മാലിക്കിനാണ് അധോലോക ബന്ധമെന്നും താൻ ഇത് തുറന്ന് കാട്ടുമെന്നും ഫഡ്‌നാവിസ് തിരിച്ചടിച്ചിരുന്നു. അതാണ് നവാബ് മാലിക്കിനെതിരെ ആരോപണവുമായി ഫഡ്‌നാവിസ് രംഗത്തെത്തിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News