നവാബ് മാലിക്കിന് തിരിച്ചടി; മയക്കുമരുന്ന് കേസില്‍ മരുമകന്‍റെ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബി ഹൈക്കോടതിയിലേക്ക്

എന്‍.സി.ബി സോണല്‍ ഡയറക്ടർ സമീര്‍ വാങ്കഡെയും നവാബ് മാലിക്കും തമ്മിലുള്ള തുറന്ന പോരിന്‍റെ പശ്ചാത്തലത്തിലാണ് എന്‍.സി.ബിയുടെ പുതിയ നീക്കം

Update: 2021-10-25 12:06 GMT
Advertising

മഹാരാഷ്ട്രയിലെ എന്‍.സി.പി മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകന്‍ സമീര്‍ ഖാന്‍റെ ജാമ്യം റദ്ദാക്കാന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ലഹരിക്കേസില്‍ ഈ വര്‍ഷം ജനുവരി 13നാണ് സമീര്‍ ഖാന്‍ അറസ്റ്റിലായത്. തുടര്‍ന്ന് സെപ്റ്റംബര്‍ 27ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജാമ്യ ഉപാധികള്‍ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.സി.ബി കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 

എന്‍.സി.ബി സോണല്‍ ഡയറക്ടർ സമീര്‍ വാങ്കഡെയും നവാബ് മാലിക്കും തമ്മില്‍ തുറന്ന പോര് നടക്കുന്ന സാഹചര്യത്തിലാണ് എന്‍.സി.ബിയുടെ പുതിയ നീക്കം ചര്‍ച്ചയാകുന്നത്. ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ അന്വേഷണോദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് നവാബ് മാലിക് രംഗത്തെത്തിയത്. സമീര്‍ വാങ്കഡെ മുസ്‌ലിമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പട്ടികജാതി സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സര്‍ട്ടിഫിക്കറ്റ് തിരുത്തിയതെന്നുമായിരുന്നു മാലിക്കിന്‍റെ ട്വീറ്റ്. ഇതുമായി ബന്ധപ്പെട്ടതെന്നവകാശപ്പെട്ട് രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

അതേസമയം, നവാബ് മാലികിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സമീര്‍ വാങ്കഡെ തന്നെ രംഗത്തെത്തി. നിലവാരമില്ലാത്ത ആരോപണമാണ് നവാബ് മാലിക് തനിക്കെതിരെ ഉയര്‍ത്തുന്നതെന്നും മയക്കുമരുന്ന് കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണിവയെന്നും വാങ്കഡെ പറഞ്ഞു. തന്‍റെ പിതാവ് ധന്യദേവ് കച്റൂജി വാങ്കഡെ ഹിന്ദുവാണ്. എക്സൈസ് വകുപ്പിൽ നിന്ന് സീനിയർ ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്​ലിമാണ്. അവർ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ഉൾപ്പെടുന്നത്. അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. 

വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്റെ മരിച്ചുപോയ അമ്മയെയും അവരുടെ മതവുമെല്ലാം ഇതിലേക്ക് വലിച്ചിഴക്കുന്നത് കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദത്തിലാക്കിയിരിക്കുകയാണെന്നും വാങ്കഡെ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തിനകം സമീര്‍ വാങ്കഡെയുടെ ജോലി തെറിക്കുമെന്ന വെല്ലുവിളിയുമായി നവാബ് മാലിക് നേരത്തെ രംഗത്തെത്തിയിരുന്നു. സമീര്‍ വാങ്കഡെ ബി.ജെ.പിയുടെ പാവയാണെന്നും കള്ളക്കേസുകള്‍ ഉണ്ടാക്കലാണ് അയാളുടെ ജോലിയെന്നും മാലിക് ഉന്നയിച്ചിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News