ഉറക്കത്തിൽ മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി ശ്വാസം മുട്ടി; നവജാത ശിശുവിന് ദാരുണാന്ത്യം
രാത്രിയിൽ ഉറക്കത്തിൽ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നപ്പോൾ, കുഞ്ഞ് അവർക്കിടയിൽപ്പെട്ട് പോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ലഖ്‌നൗ: ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി നവജാത ശിശു മരിച്ചു. 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഗജ്‌റൗള മേഖലയിലാണ് ദാരുണ സംഭവം നടന്നത്.
സുഫിയാൻ സദ്ദാം അബ്ബാസിയുടെയും (25) ഭാര്യ അസ്മയുടെയും ഏകമകനായിരുന്നു. നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുഞ്ഞിനെ തങ്ങൾക്കിടയിൽ കിടത്തിയ ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഉറക്കത്തിൽ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നപ്പോൾ, കുഞ്ഞ് അവർക്കിടയിൽപ്പെട്ട് പോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
നേരം പുലര്‍ന്ന് കുഞ്ഞ് അനങ്ങാതെ കിടക്കുന്നത് കണ്ട് ഉടനെ ഗജ്‌റൗളയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ ആശുപത്രി പരിസരത്ത് വെച്ച് തന്നെ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ പൊലീസ് പരാതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ജനിച്ചപ്പോൾ മുതൽ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കുഞ്ഞിന് ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ അറിയിച്ചു. അതേസമയം മുതിർന്നവർക്കിടയിൽ നവജാത ശിശുക്കളെ രാത്രി ഉറക്കാൻ കിടത്തുന്നത് ശ്വാസം മുട്ടാനുള്ള സാധ്യത വേർതിരിച്ച് കിടത്തണമെന്നുമാണ് ശിശുരോഗ വിദഗ്ദ്ധനായ ഡോ. അമിത് വർമ്മ പറയുന്നത്.