പിഎഫ്, ഇഎസ്‌ഐ നിർബന്ധം, ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് നിയന്ത്രണം; പുതിയ ലേബർ കോഡിന്റെ പ്രത്യേകതകൾ
2020ൽ പാർലമെന്റ് പാസാക്കിയ തൊഴിൽ നിയമം അഞ്ച് വർഷത്തിന് ശേഷമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്
ന്യഡൽഹി: തൊഴിലാളി സംഘടനകളുടെ എതിർപ്പിനിടെ രാജ്യത്ത് പുതിയ തൊഴിൽ കോഡുകൾ നിലവിൽ വന്നിരിക്കുകയാണ്. 29 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് നാല് പുതിയ തോഴിൽ കോഡിലേക്ക് ചുരുക്കിയത്. സ്വാതന്ത്യത്തിന് ശേഷമുള്ള സമഗ്രമായ തൊഴിൽപരിഷ്‌കാരം എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. 2020ൽ പാർലമെന്റ് പാസാക്കിയ തൊഴിൽ നിയമം അഞ്ച് വർഷത്തിന് ശേഷമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
വേതന കോഡ്
- അസംഘടിത മേഖലയിലും അടിസ്ഥാന മിനിമം വേതനം
- വേതനം സർക്കാർ നിശ്ചയിക്കും
- നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മിനിമം വേതനത്തിൽ വ്യത്യാസം
- അഞ്ച് വർഷത്തിലൊരിക്കൽ നിർബന്ധിത വേതന പരിഷ്‌കാരം
- ഒരു തോഴിലിന് സ്ത്രീപുരുഷ ഭേദമന്യേ ഒരേ വേതനം
തൊഴിലിട സുരക്ഷാ കോഡ്
- ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ
- രാവിലെ ആറിന് മുമ്പും രാത്രി ഏഴിന് ശേഷവും സ്ത്രീകൾക്ക് എവിടെയും ജോലിയെടുക്കാം
വ്യവസായ ബന്ധ കോഡ്
- 100 ജീവനക്കാരോ ജീവനക്കാരുടെ 10 ശതമാനമോ ഉണ്ടെങ്കിൽ മാത്രം ട്രേഡ് യൂണിയൻ
- തൊഴിലാളികളല്ലാത്തവർക്ക് ഭാരവാഹികളാവാൻ കഴിയില്ല
- കൂട്ട കാഷ്വൽ അവധി പണിമുടക്കായി കണക്കാക്കും
- കുറഞ്ഞത് 300 ജീവനക്കാരുണ്ടെങ്കിൽ മാത്രമേ അടച്ചുപൂട്ടലിന് മുൻകൂർ അനുമതി വാങ്ങേണ്ടതുള്ളൂ
സാമൂഹിക സുരക്ഷാ കോഡ്
- ഡിഎ, റീട്ടെയ്‌നിങ് അലവൻസ് എന്നിവ വേതനത്തിൽ ഉൾപ്പെടും
- 10ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഇഎസ്‌ഐ നിർബന്ധമില്ല
- തൊഴിലിടത്തിലേക്കും തിരിച്ചുമുള്ള യാത്രയിലെ അപകടങ്ങൾക്കും നഷ്ടപരിഹാരം
തൊഴിലാളി സംഘടനകളുടെ എതിർപ്പ്
- ജോലി സമയത്തിലെ വ്യവസ്ഥകൾ കമ്പനികൾ മുതലെടുക്കും എന്നതാണ് തൊഴിലാളി സംഘടനകൾ ഉയർത്തുന്ന എതിർപ്പ്. ജോലി സമയം കൂടാൻ പുതിയ വ്യവസ്ഥകൾ കാരണമാകുമെന്നും ഇവർ പറയുന്നു.
പുതിയ മാറ്റങ്ങൾ
- നിയമന പത്രം നിർബന്ധം
- തൊഴിൽ സുരക്ഷ, നിശ്ചിത കൂലി
- കുറഞ്ഞ വേതനാവകാശം
- കൃത്യമായ ശമ്പളം
- പിഎഫ്, ഇഎസ്‌ഐ, ഇൻഷുറൻസ് നിർബന്ധം
- തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ
- സാമൂഹിക സുരക്ഷ
- സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റ്
പ്രധാന വ്യവസ്ഥ
പുതിയ വേതന നിയമപ്രകാരം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം (Basic Salary) മൊത്തം സിടിസിയുടെ 50 ശതമാനത്തിൽ കുറയാൻ പാടില്ല. അല്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന ശതമാനമാകും ബാധകമാകുക.
പല കമ്പനികളും കുറഞ്ഞ അടിസ്ഥാന ശമ്പളം നൽകി അലവൻസുകൾ കൂട്ടുന്ന സാഹചര്യമുണ്ട്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത വിഹിതമാണ് പിഎഫും ഗ്രാറ്റുവിറ്റിയും. അതുകൊണ്ടുതന്നെ ബാധ്യത കുറയ്ക്കുന്നതിനാണ് കമ്പനികൾ ഇപ്രകാരം ചെയ്തിരുന്നത്. ഈ പ്രവണത അവസാനിപ്പിച്ച് ജീവനക്കാർക്ക് അർഹമായ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്നതാണ് പുതിയ വ്യവസ്ഥയുടെ ലക്ഷ്യം.
നിലവിൽ പിഎഫ് വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 12% ആണ്. അടിസ്ഥാന ശമ്പളം ഉയരുമ്പോൾ, ജീവനക്കാരന്റെയും തൊഴിലുടമയുടെയും പിഎഫ് വിഹിതം ഒരുപോലെ കൂടും. ഇത് ജീവനക്കാരുടെ വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം ഗണ്യമായി വർധിപ്പിക്കാൻ സഹായിക്കും.
ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത വർഷങ്ങളുടെ എണ്ണവും അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളവും അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. ഉയർന്ന അടിസ്ഥാന ശമ്പളം ലഭിക്കുന്നതിനാൽ ഗ്രാറ്റുവിറ്റി തുകയും വർധിക്കും.
സിടിസിയിൽ മാറ്റം വരാത്ത സാഹചര്യത്തിൽ പിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയവ്ക്കായി കൂടുതൽ തുക മാറ്റിവെക്കേണ്ടിവന്നാലാണ് ജീവനക്കാരന് പ്രതിമാസം കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ കുറവുണ്ടാകുക. അധിക ബാധ്യത ഒഴിവാക്കാൻ നിലവിലുള്ള സിടിസി പാക്കേജുകളിൽ തൊഴിലുടമകൾ അലവൻസുകൾ കുറച്ചേക്കാം. ഇത് ജീവനക്കാരുടെ പ്രതിമാസ വരുമാനത്തെയും ബാധിക്കും.