'റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു': നിധി റസ്ദാനും എന്‍ഡിടിവി വിട്ടു

എന്‍ഡിടിവിയിലെ 22 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് നിധി റസ്ദാന്‍

Update: 2023-01-31 16:10 GMT

നിധി റസ്ദാന്‍

Advertising

ഡല്‍ഹി: അദാനി ഗ്രൂപ്പ് ചാനലിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ എന്‍ഡിടിവിയില്‍ രാജി പരമ്പര തുടരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ നിധി റസ്ദാനാണ് ഏറ്റവും ഒടുവില്‍ രാജിവെച്ചത്. എന്‍ഡിടിവിയിലെ 22 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തു.

"22 വര്‍ഷത്തിലേറെയായി എന്‍ഡിടിവിയില്‍. വിടവാങ്ങാനുള്ള സമയമായി. ഇതൊരു അത്ഭുതകരമായ റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു. പക്ഷേ എപ്പോഴാണ് അതില്‍ നിന്ന് ഇറങ്ങേണ്ടതെന്ന് നിങ്ങള്‍ അറിയേണ്ടതുണ്ട്. അടുത്ത രണ്ടാഴ്ച എന്‍ഡിടിവിയിലെ എന്‍റെ അവസാന നാളുകളാണ്. ഇത്രയും നാള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി"- നിധി റസ്ദാന്‍ ട്വീറ്റില്‍ പറഞ്ഞു.

എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്ററാണ് നിധി റസ്ദാന്‍. 2021ല്‍ ചാനല്‍ വിട്ട നിധി 2022 ഫെബ്രുവരിയില്‍ 'നോ സ്പിന്‍' എന്ന ഷോയുടെ അവതാരകയായി എന്‍ഡിടിവിയില്‍ തിരിച്ചെത്തുകയായിരുന്നു. ലെഫ്റ്റ്, റൈറ്റ്, സെന്‍റര്‍: ദ ഐഡിയ ഓഫ് ഇന്ത്യ എന്ന പുസ്തകം രചിച്ചു. കത്‍വ ബലാത്സംഗക്കൊലയെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് 2020ല്‍ ഇന്‍റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരവും നിധി റസ്ദാന് ലഭിച്ചിട്ടുണ്ട്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയിനും കഴിഞ്ഞ ദിവസം എന്‍ഡിടിവി വിടുകയുണ്ടായി. 1995 മുതല്‍ എന്‍ഡിടിവിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീനിവാസന്‍ ജെയിന്‍. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് അദ്ദേഹം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍, എന്‍ഡിടിവി ഗ്രൂപ്പ് പ്രസിഡന്റ് സുപര്‍ണ സിങ്, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അരിജിത് ചാറ്റര്‍ജി, ചീഫ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഓഫീസര്‍ കവല്‍ജിത് സിങ് ബേദി തുടങ്ങി നിരവധി പേരാണ് എന്‍ഡിടിവിയില്‍ നിന്ന് കഴിഞ്ഞ മാസങ്ങളിലായി രാജിവെച്ചത്.

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. ആർ.ആർ.പി.ആർ.എച്ചിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. അത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് പ്രണോയും രാധികയും രാജിവെച്ചത്. 30 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞതോടെ ചാനലിന്‍റെ നിയന്ത്രണം അദാനി ഗ്രൂപ്പിന്‍റെ കൈകളിലെത്തി. 

Summary- Journalist and anchor Nidhi Razdan has quit NDTV

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News