സ്വതന്ത്ര ഭരദ്വാജിനെതിരെ പരാതി നല്‍കിയ നിഷു ആസാദിൻ്റെ വീട് ആക്രമിച്ചു
നിഷുവിനെതിരെ സ്വതന്ത്ര ഭരദ്വാജിൻ്റെ കൂട്ടാളികളും സംഘ്പരിവാര്‍ പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം തുടരുന്നതിനിടെയാണ് വീടിന് നേരെയുള്ള ആക്രമണം
ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ പരാതി നല്‍കിയ ദലിത് വിദ്യാര്‍ഥിനി നിഷു ആസാദിൻ്റെ വീട് ആക്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അക്രമിസംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ആരാകും ഉത്തരവാദിയെന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നിഷു ആസാദ് ചോദിച്ചു. അക്രമികള്‍ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. നിഷുവിനെതിരെ സ്വതന്ത്ര ഭരദ്വാജിന്റെ കൂട്ടാളികളും സംഘ്പരിവാര്‍ പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം തുടരുന്നതിനിടെയാണ് വീടിന് നേരെയുള്ള ആക്രമണം.
നിഷു സിജെപി സമരത്തില്‍ പങ്കെടുത്തതിന് പിതാവ് സഞ്ജയ് ആസാദിനെ സ്വതന്ത്ര ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ അക്രമിസംഘം ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. തലയോട്ടിക്ക് സാരമായി പരിക്കേറ്റെങ്കിലും പൊലീസ് നിസ്സാര കേസ് മാത്രമാണെടുത്തത്. പിന്നീട് ഒരു യൂട്യൂബ് ചാനലിലൂടെ സ്വതന്ത്ര ഭരദ്വാജ് തന്നെയാണ് സഞ്ജയ് ആസാദിനെ താന്‍ ക്രൂരമായി മര്‍ദിച്ച കാര്യം വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെ കേസില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സിജെപി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ മിനിഞ്ഞാന്ന് സമരം നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അക്രമികളെ എത്രയും വേഗം പിടികൂടാമെന്നും കടുത്ത വകുപ്പുകള്‍ ചുമത്താമെന്നും പൊലീസ് സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ കോടതി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നിഷുവിനെതിരെ ഇയാള്‍ നടത്തിയ ഓണ്‍ലൈന്‍ വഴിയുള്ള ഭീഷണികളും ഉപദ്രവങ്ങളും കണക്കിലെടുത്ത് പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിലാണ് സ്വതന്ത്ര ഭരദ്വാജ് താന്‍ നടത്തിയ അക്രമത്തെ കുറിച്ച് പറഞ്ഞത്. 'നിഷുവിന്റെ അച്ഛന്റെ തല ഞാന്‍ അടിച്ചു പൊട്ടിച്ചു. വധശ്രമത്തിനാണ് കേസെടുക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ തലയില്‍ 60 തുന്നലുകള്‍ വേണ്ടിവന്നു. ആംബുലന്‍സില്‍ കിടന്ന് ആ മനുഷ്യന്‍ മരിക്കാറായിരുന്നു. തന്റെ പിതാവിന് നീതി ലഭിച്ചില്ലെങ്കില്‍ വിഷം കഴിച്ച് മരിക്കുമെന്ന് മകള്‍ സ്റ്റേഷന് മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞു. പക്ഷേ, അടുത്ത ദിവസം ഞാന്‍ പുറത്തിറങ്ങി. ജയിലില്‍ പോവുകപോലും ചെയ്തില്ല, രാത്രി മുഴുവന്‍ പുറത്ത് കറങ്ങി നടക്കുകയായിരുന്നു,' പോഡ്കാസ്റ്റില്‍ ഇയാള്‍ പറഞ്ഞു. ബിജെപി നേതാക്കളായ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സഹായമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍ തന്റെ സുഹൃത്താണെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.