'ആം ആദ്മി ബിജെപിയുടെ ബി ടീം'; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

'കോണ്‍ഗ്രസ് എവിടെയൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവോ, അവിടെയൊക്കെ സമവാക്യങ്ങള്‍ അട്ടിമറിക്കുക ലക്ഷ്യമിട്ട് ആം ആദ്മി ഇറങ്ങും'

Update: 2026-11-04 13:24 GMT

ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണിയിലെ മുന്‍ സഖ്യകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് എക്‌സ് പോസ്റ്റില്‍ ആരോപിച്ചു. കോണ്‍ഗ്രസ് എവിടെയൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവോ, അവിടെയൊക്കെ സമവാക്യങ്ങള്‍ അട്ടിമറിക്കുക ലക്ഷ്യമിട്ട് ആം ആദ്മി ഇറങ്ങും. ഗുജറാത്തില്‍ ഞങ്ങള്‍ വിജയത്തിലേക്ക് അടുക്കുമ്പോഴാണ് ആം ആദ്മി അത് ഇല്ലാതാക്കിയത്. ഗോവയിലും ഞങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കെ ആം ആദ്മി കാര്യങ്ങള്‍ മാറ്റിമറിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തമായി നിലനില്‍പ്പില്ല. ജനാധിപത്യം തകര്‍ക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇത്തരം ആളുകളെ ആദ്യം തന്നെ ഒരു പാഠം പഠിപ്പിക്കണം -കോണ്‍ഗ്രസ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഭരണകക്ഷിയായ ആം ആദ്മിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചത്.

Advertising
Advertising

വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും

ആംആദ്മി പാര്‍ട്ടിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ അവരില്‍ വിശ്വാസമര്‍പ്പിച്ചു. മയക്കുമരുന്ന് മാഫിയയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്നായിരുന്നു അവരുടെ വാഗ്ദാനം. അവര്‍ എവിടെയാണ് മയക്കുമരുന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രി ലോക്സഭയിലായിരുന്നപ്പോള്‍, രാവിലെ തന്നെ തങ്ങളുടെ കൂടെ ഇരുന്ന് തമാശകള്‍ പറയുമായിരുന്നു. എന്നാല്‍, രാവിലെ 11 മണിയാകുമ്പോഴേക്കും അദ്ദേഹത്തിന്റെ ശ്വാസത്തില്‍ മദ്യത്തിന്റെ മണം വരുമായിരുന്നു. ഭഗവന്ത് മാന്‍ മദ്യപിക്കരുത് എന്ന് ഞാന്‍ പറയുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, നിങ്ങളുടെ മുഖ്യമന്ത്രി എല്ലാ വൈകുന്നേരങ്ങളിലും ലഹരിയുടെ പിടിയിലാകരുതെന്നും രാഹുല്‍ പറഞ്ഞു.

പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഇന്‍സാഫ് റാലി സംഗ്രൂരില്‍ നടക്കുകയാണ്. റാലിയില്‍ അമിത് ഷായ്‌ക്കെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. മയക്കുമരുന്ന് തുടച്ചുനീക്കാന്‍ അമിത് ഷാ ഒരു സമയപരിധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്തൊരു സമയപരിധിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്? മൂന്ന് വര്‍ഷത്തിനുള്ളില്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായി പോലും തുടര്‍ന്നേക്കില്ല. ഗുജറാത്തിലെ അദാനിയുടെ തുറമുഖത്ത് വെച്ച് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് എന്താണ് സംഭവിച്ചത്. ആ വിഷയത്തില്‍ നിങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്.

അവിടെ വെച്ച് പിടിച്ചെടുത്ത ആയിരക്കണക്കിന് കിലോഗ്രാം മയക്കുമരുന്നിനും ഹെറോയിനും എന്താണ് സംഭവിച്ചത്. നിങ്ങള്‍ ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു. വാസ്തവത്തില്‍, ജയിലുകള്‍ക്കുള്ളില്‍ ഗ്യാങ്സ്റ്റര്‍മാര്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നത്. അമിത് ഷാ സ്വന്തം ഗ്യാങ്സ്റ്റര്‍മാരെ സംരക്ഷിക്കുകയാണെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. അതിനാല്‍ മയക്കുമരുന്നിനെക്കുറിച്ച് സംസാരിക്കരുത്. ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കരുത്. ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കണമെന്നുണ്ടെങ്കില്‍, മണിപ്പൂരില്‍ എന്താണ് നടക്കുന്നതെന്ന് ഈ രാജ്യത്തോട് പറയൂ എന്നും രാഹുല്‍ പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News