പണമില്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാനാകില്ല, അതിനാലാണ് ഇലക്ടറൽ ബോണ്ട് നടപ്പാക്കിയത് -നിതിൻ ഗഡ്കരി

ഫെബ്രുവരി 15നാണ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറൽ ബോണ്ട് സ്കീം സുപ്രിംകോടതി റദ്ദാക്കിയത്

Update: 2024-03-23 10:08 GMT
Advertising

അഹമ്മദാബാദ്: പണമില്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാനാകില്ലെന്നും ഇതിന്റെ ഭാഗമായാണ് കേ​ന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നതെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. 2017ൽ നല്ല ഉദ്ദേശത്തോടെ കൊണ്ടുവന്ന പദ്ധതിയാണ് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് സുപ്രിംകോടതി നിർത്തലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.

സുപ്രിംകോടതി ഇക്കാര്യത്തിൽ കൂടുതൽ നിർദേശം നൽകിയാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യ​ണം. അരുൺ ജെയ്റ്റിലി കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ചർച്ചയിൽ താനും പ​ങ്കെടുത്തിരുന്നു. വരുമാനമില്ലാതെ ഒരു പാർട്ടിക്കും നിലനിൽക്കാനാവില്ല. ചില രാജ്യങ്ങളിൽ സർക്കാറുകൾ തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകാറുണ്ട്. അങ്ങനെയൊരു സംവിധാനം ഇന്ത്യയിലില്ല. അതിനാലാണ് രാഷ്ട്രീയ പാർട്ടികൾക്ക് പണം ലഭിക്കാൻ ഇത്തരമൊരു സംവിധാനം തുടങ്ങിയത്.

ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം രാഷ്ട്രീയ പാർട്ടികൾ നേരിട്ട് ഫണ്ട് ലഭിക്കുക എന്നതാണ്. അധികാരത്തിലിരിക്കുന്ന പാർട്ടി മാറിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കരുതിയാണ് പണം നൽകിയവരുടെ പേരുകൾ വെളിപ്പെടുത്താതിരുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

ഫെബ്രുവരി 15നാണ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറൽ ബോണ്ട് സ്കീം സുപ്രിംകോടതി റദ്ദാക്കിയത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്.ബി.ഐയോട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനും ഉത്തരവിട്ടിരുന്നു.

2019 മുതൽ 2024 വരെ ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചത് 6060 കോടി രൂപയാണ്. കോൺഗ്രസിന് ഈ കാലയളവിൽ ലഭിച്ചത് 1400 കോടി രൂപയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമെല്ലാമാണ് ബി.​ജെ.പി ഇത്രയുമധികം തുക സമാഹരിച്ചതെന്ന ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്.

Summary: Nitin Gadkari says that Political parties cannot function without money

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News