'ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഇങ്ങനെയൊരു സംഭവം, ഡൽഹിക്കാരോട് നിങ്ങൾക്ക് എന്താണിത്ര ദേഷ്യം?; പ്രധാനമന്ത്രിയോട് കെജ്‍രിവാൾ

ഇന്ന് ബജറ്റ് അവതരണം നടക്കാനിരിക്കെയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്

Update: 2023-03-21 06:38 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹിയിലെ ബജറ്റവതരണത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവാക്കിയതിലും അധികം തുക പരസ്യങ്ങൾക്കായി ചെലവഴിച്ചതിൽ ഡൽഹി സർക്കാർ വിശദീകരണം നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ വിശദീകരണം ലഭിക്കുന്നത് വരെയാണ് ബജറ്റ് അവതരണത്തിന് അനുമതി തടഞ്ഞ് വെച്ചിരിക്കുന്നത്.

''രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് നിർത്തുന്നത്. ഡൽഹിക്കാരായ ഞങ്ങളോട് നിങ്ങൾക്ക് എന്തിനാണ് ദേഷ്യമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച അയച്ച കത്തിൽ പറയുന്നു. ദയവായി ഡൽഹി ബജറ്റ് നിർത്തരുത്. ഞങ്ങളുടെ ബജറ്റ് പാസാക്കാൻ ഡൽഹിയിലെ ജനങ്ങൾ കൂപ്പുകൈകളോടെ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,'' കെജ്‍രിവാൾ കത്തിൽ പറയുന്നു.

ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ടായിരുന്നു ഇന്ന് ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്.   ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകുന്നതാകും ബജറ്റ് എന്നാണ് ലഭിക്കുന്ന സൂചന. മദ്യനയ കേസിൽ ജയിലിൽ പോകും മുമ്പ് മനീഷ് സിസോദിയ പൂർത്തിയാക്കിയ ബജറ്റ് റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുന്നത് കേന്ദ്ര സർക്കാർ തടയാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചു. ആദ്യ എട്ട് തവണയും ബജറ്റ് അവതരിപ്പിച്ച സിസോദിയ മദ്യനയ കേസിൽ ജയിലിലാണ്.

ഡൽഹിയിലെ ആംആദ്മി സർക്കാരിന്റെ ഒമ്പതാം ബജറ്റിലും ആരോഗ്യ -വിദ്യാഭ്യാസ മേഖലകൾക്ക് സമഗ്ര പരിഗണന ലഭിച്ചേക്കും. സ്‌കൂളുകളുടെ നവീകരണം മുതൽ കൂടുതൽ മികവിന്റെ കേന്ദ്രങ്ങൾ വരെ ബജറ്റിൽ പ്രതീക്ഷിക്കാം. കൂടുതൽ മൊഹല്ല ക്ലിനിക്കുകളുടെ പ്രഖ്യാപനവും സഞ്ചരിക്കുന്ന മൊഹല്ല ക്ലിനിക്കും പ്രഖ്യാപനങ്ങളും കൂട്ടത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ഡൽഹി ഇന്നും നേരിടുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആംആദ്മി പാർട്ടിക്ക് വിജയം സമ്മാനിച്ചത്.

രാജ്യ തലസ്ഥാനത്ത് ജീവിതം ദുസ്സഹമാക്കുന്ന ഗാസിപൂർ, ഭൽസ്വ, ഓക് ല എന്നിവിടങ്ങളിലെ മാലിന്യ മലകളുടെ നിർമ്മാർജനത്തിനും ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ചേക്കും. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഡൽഹി കൈവരിച്ച നേട്ടങ്ങളാണ് ആംആദ്മി പാർട്ടി സർക്കാർ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News