'വന്ദേഭാരതുണ്ട്, പക്ഷെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങളില്ല': ഷോക്കേറ്റ് മരിച്ച അധ്യാപികയുടെ പിതാവ്

'അപകടം നടന്ന് 40 മിനിട്ടിനു ശേഷമാണ് സ്റ്റേഷനില്‍നിന്ന് ആശുപത്രിയിലേക്ക് പോവാന്‍ കഴിഞ്ഞത്'

Update: 2023-06-27 08:45 GMT
Advertising

ഡല്‍ഹി: ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ അധ്യാപിക സാക്ഷി അഹൂജ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കുടുംബം. സംഭവസ്ഥലത്ത് ആംബുലന്‍സോ ഡോക്ടര്‍മാരോ പൊലീസോ ഇല്ലാതിരുന്നതിനാല്‍ സാക്ഷിയ്ക്ക് പ്രാഥമികശുശ്രൂഷ പോലും ലഭിച്ചില്ലെന്ന് പിതാവ് ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു. അപകടം നടന്ന് 40 മിനിട്ടിനു ശേഷമാണ് സ്റ്റേഷനില്‍നിന്ന് ആശുപത്രിയിലേക്ക് പോവാന്‍ കഴിഞ്ഞത്. അതിനിടെ അഹൂജ മരിച്ചെന്നും പിതാവ് എന്‍ഡിടിവിയോട് പറഞ്ഞു.

"നടപടി സ്വീകരിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു, പക്ഷേ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നമ്മുടെ സംവിധാനം മെച്ചപ്പെടുന്നില്ല. നമ്മള്‍ വന്ദേഭാരത് പോലെ ഉയർന്ന നിലവാരമുള്ള ട്രെയിനുകൾ നിർമിക്കുന്നു. പക്ഷെ അടിസ്ഥാന സൗകര്യങ്ങളില്ല സ്‌റ്റേഷനുകളിൽ. എന്തുകൊണ്ട് കൃത്യമായ പരിശോധനകൾ നടക്കുന്നില്ല? മാധ്യമങ്ങളിൽ വാര്‍ത്ത വരുമ്പോള്‍ മാത്രം പ്രവർത്തിക്കുന്നത് എന്തുകൊണ്ട്? ഞങ്ങൾക്ക് പണം വേണ്ട. ഉത്തരവാദികളെ ശിക്ഷിക്കുക"- ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സാക്ഷി അഹൂജ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. മഴ പെയ്തതോടെ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അതിലൂടെ നടക്കവേ തെന്നിവീഴാതിരിക്കാന്‍ സാക്ഷി വൈദ്യുത പോസ്റ്റില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. പോസ്റ്റിന് താഴെ ഇലക്ട്രിക് വയര്‍ പൊട്ടിവീണ നിലയില്‍ പിന്നീട് കണ്ടെത്തി. റെയിൽവെ സ്റ്റേഷന്റെ ഒന്നാം നമ്പർ എക്സിറ്റിന് സമീപമാണ് അപകടമുണ്ടായത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ പോകുമ്പോഴായിരുന്നു ദാരുണ സംഭവം. സാക്ഷിയുടെ മകനും മകളും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. 

Summary- The woman who died of electrocution at the New Delhi Railway Station on Sunday, did not receive any help or First Aid since there was no ambulance, doctors or police at the spot. The family could leave the station only after 40 minutes and Sakshi Ahuja died on way to the hospital, her father Lokesh Kumar Chopra told

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News