പേരില്ല, കോഡില്ല; ശൂന്യമായ മഞ്ഞ ബോർഡ് മാത്രം: ഇന്ത്യയിലെ പേരില്ലാത്ത ഒരേയൊരു റെയിൽവേ സ്റ്റേഷൻ

എന്നാൽ ഈ മഞ്ഞ ബോര്‍ഡ് ശൂന്യമാണെങ്കിലോ? ഇതേത് സ്റ്റേഷൻ എന്ന് കരുതിപ്പോകും?

Update: 2025-11-04 09:32 GMT
Editor : Jaisy Thomas | By : Web Desk

 Photo| Google

കൊൽക്കത്ത: 'കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു'...ഇന്ത്യയിലെ ഏത് റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയാലും ആ സ്റ്റേഷന്‍റെ പേരിൽ ഇങ്ങനെയൊരു അനൗൺസ്മെന്‍റ് നിങ്ങൾ തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും. ഒപ്പം ഒരു മഞ്ഞ ബോര്‍ഡും..അതിൽ സ്റ്റേഷന്‍റെ പേരും പിൻ കോഡും ഉണ്ടായിരിക്കും. ഈ മഞ്ഞ ബോർഡ് സ്റ്റേഷന്‍റെ ഐഡന്റിറ്റിയായി പ്രവർത്തിക്കുന്നു, യാത്രക്കാർ എവിടെ എത്തിയെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഈ മഞ്ഞ ബോര്‍ഡ് ശൂന്യമാണെങ്കിലോ? ഇതേത് സ്റ്റേഷൻ എന്ന് കരുതിപ്പോകും? അങ്ങനെയൊരു റെയിൽവെ സ്റ്റേഷൻ ഇന്ത്യയിലുണ്ട്. പേരില്ലാത്തൊരു റെയിൽവെ സ്റ്റേഷൻ.

Advertising
Advertising

പശ്ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബർദ്ധമാൻ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള റെയ്‌ന ഗ്രാമത്തിലാണ് പേരില്ലാത്ത ഈ റെയിൽവേ സ്റ്റേഷനുള്ളത്. മഞ്ഞ ബോർഡിൽ പേരില്ല, ഔദ്യോഗിക തിരിച്ചറിയൽ രേഖയില്ല, എന്നിട്ടും ട്രെയിനുകൾ എല്ലാ ദിവസവും അവിടെ നിർത്തുന്നു. മറ്റേതൊരു സ്റ്റേഷനെയും പോലെ ആളുകൾക്ക് ടിക്കറ്റ് ലഭിക്കുന്നു,ട്രെയിനിൽ കയറി യാത്ര ചെയ്യുന്നു. പേരില്ലെങ്കിലും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ് ഈ റെയിൽവെ സ്റ്റേഷൻ. എല്ലാ ദിവസവും ഡസൻ കണക്കിന് ട്രെയിനുകൾ ഈ റൂട്ടിലൂടെ പോകുന്നു. 2008 മുതൽ ഈ സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നു.

സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുണ്ടെങ്കിലും, യാത്രക്കാർക്ക് നൽകുന്ന ടിക്കറ്റുകളിൽ “റായ്നഗർ” എന്ന പേര് അച്ചടിച്ചാണ് ലഭിക്കുന്നത്. ഈ സ്റ്റേഷന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. റെയിൽവേ സ്റ്റേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുമ്പോൾ, ഈ സ്റ്റേഷൻ ഞായറാഴ്ചകളിൽ അടച്ചിരിക്കും. ഞായറാഴ്ചകളിൽ ഇവിടെ ട്രെയിൻ സർവീസുകൾ ഇല്ല. ഈ ദിവസം, ടിക്കറ്റ് ബില്ലുകൾ അടയ്ക്കാൻ ട്രെയിൻ മാസ്റ്റർ ബർദ്ധമാനിലേക്ക് പോകുന്നതിനാലാണ് ട്രെയിൻ സർവീസുകൾ ഇല്ലാത്തത്.

രണ്ട് ഗ്രാമക്കാർ തമ്മിലുള്ള തർക്കമാണ് സ്റ്റേഷന് പേരില്ലാതെയാക്കിയത്. റെയിൽവേ തുടക്കത്തിൽ സ്റ്റേഷന് ‘റായ്നഗർ’ എന്ന് പേരിടാൻ ആലോചിച്ചിരുന്നു. എന്നാൽ, സമീപത്തുള്ള രണ്ട് ഗ്രാമങ്ങളിലെ താമസക്കാർ ഇതിനോട് വിയോജിച്ചു. സ്റ്റേഷന് തങ്ങളുടെ ഗ്രാമത്തിന്റെ പേര് നൽകണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെട്ടു.

തർക്കം കോടതിയിലെത്തിയതോടെ, ഒരു തീരുമാനത്തിലെത്തുന്നത് വരെ ബോർഡിൽനിന്ന് പേര് നീക്കം ചെയ്യാൻ കോടതി റെയിൽവേയോട് ഉത്തരവിട്ടു. അന്നുമുതൽ, ഇത് 'അജ്ഞാത സ്റ്റേഷൻ' എന്ന് അറിയപ്പെടുന്നു. ശൂന്യമായ ആ മഞ്ഞ ബോർഡ് അതിന്റെ ഐഡന്റിറ്റിയായി മാറുകയായിരുന്നു

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News