'ഒരു ഇന്ത്യാക്കാരനും പെപ്സിയും കൊക്കകോളയും വാങ്ങരുത്'; അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബാബാ രാംദേവ്

അമേരിക്കന്‍ കമ്പനികളെയും ബ്രാന്‍ഡുകളെയും പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്ന് രാംദേവ് ആഹ്വാനം ചെയ്തു

Update: 2025-08-28 07:20 GMT
Editor : Jaisy Thomas | By : Web Desk

നോയിഡ: റഷ്യന്‍ എണ്ണ വാങ്ങിയതിന്‍റെ പേരില്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരെ വിവാദ യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. അമേരിക്കന്‍ കമ്പനികളെയും ബ്രാന്‍ഡുകളെയും പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ശക്തരായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ അടുത്തിടെ തന്ത്രപ്രധാന പങ്കാളിത്തമുണ്ടായതിന് ശേഷമുണ്ടായ ഈ നീക്കം ട്രംപിന്റെ ഇന്ത്യയുമായുള്ള ബന്ധത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ഉയര്‍ത്തിയ ട്രംപിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് രാംദേവിന്റെ പ്രതികരണം.

Advertising
Advertising

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തിയതിനെ 'രാഷ്ട്രീയ ഗുണ്ടായിസവും, ഏകാധിപത്യവും' എന്ന് വിശേഷിപ്പിച്ച രാംദേവ്, ''ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെ ഇന്ത്യന്‍ പൗരന്മാര്‍ ശക്തമായി എതിര്‍ക്കണം. അമേരിക്കന്‍ കമ്പനികളെയും ബ്രാന്‍ഡുകളെയും പൂര്‍ണമായും ബഹിഷ്‌കരിക്കണം'' എന്ന് ആഹ്വാനം ചെയ്തു.

"പെപ്സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്‌ഡൊണാൾഡ്‌സ് എന്നിവയുടെ കൗണ്ടറുകളിൽ ഒരു ഇന്ത്യക്കാരനെ പോലും കാണരുത്. ഇങ്ങനെ സംഭവിച്ചാല്‍ അമേരിക്കയില്‍ പ്രതിസന്ധികള്‍ ഉണ്ടാകും. പണപ്പെരുപ്പം ഉയരും, ഒടുവില്‍ ട്രംപിന് ഈ തീരുവകള്‍ പിന്‍വലിക്കേണ്ടിവരും. ഇന്ത്യക്കെതിരെ തിരിഞ്ഞതിലൂടെ ട്രംപ് വലിയ മണ്ടത്തരമാണ് കാണിച്ചത്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അധിക തീരുവ നേരത്തെ പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയ്ക്ക് പുറമേയാണ് മറ്റൊരു 25 ശതമാനം കൂടി പ്രഖ്യാപിച്ചത്. ഇത് ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്ക ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.

പുതിയ തീരുവകള്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് ഗുജറാത്തിലെ ആയിരക്കണക്കിന് ചെറുകിട കയറ്റുമതിക്കാര്‍ക്കും തൊഴിലവസരങ്ങൾക്കും ഭീഷണിയാണ്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കുമെന്ന ആശങ്കയും സൃഷ്ടിക്കുന്നു. അമേരിക്കന്‍ തീരുവ നിരക്ക് 15 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വ്യാപാര കരാറിനായി അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വാഷിങ്ടണും ന്യൂഡല്‍ഹിയും തമ്മില്‍ പുതിയ ധാരണയിലെത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News