'അനാഥൻ' എന്ന വാക്ക് സാമൂഹിക അപമാനമല്ല,പുതിയ വാക്ക് വേണ്ട'; ഹരജി തള്ളി ബോംബൈ ഹൈക്കോടതി

വാക്ക് മാറ്റണമെന്നു പറയാൻ ഹരജിക്കാരൻ ആരാണെന്നും കോടതി

Update: 2022-09-16 03:08 GMT
Editor : Lissy P | By : Web Desk

മുംബൈ: 'അനാഥൻ' എന്ന വാക്ക് ഉപയോഗിക്കുന്നത് സാമൂഹിക അപമാനമില്ലെന്ന് ബോംബെ ഹൈക്കോടതി. അനാഥൻ എന്ന വാക്ക് മാറ്റി 'സ്വനാഥൻ' എന്ന വാക്ക് ഉപയോഗിക്കണമന്നാവശ്യപ്പെട്ട് സ്വനാഥ് ഫൗണ്ടേഷൻ നൽകിയ പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് മാധവ് ജാംധർ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി തള്ളിയത്.

'മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ ദുർബലമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയായിരിക്കും. അനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അവർ ദരിദ്രരും നിസ്സഹായരും നിരാലംബരുമായ കുട്ടിയായാണെന്ന തോന്നലുണ്ടാക്കും. സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അതവരിൽ ആത്മവിശ്വാസവും സ്വയം പര്യാപ്തതയുമെല്ലാം വളർത്തുമെന്നായിരുന്നു സ്വനാഥ് ഫൗണ്ടേഷന്റെ ഹരജി.

Advertising
Advertising

എന്നാൽ അനാഥൻ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും അതിൽ അപമാനകരമായി ഒന്നുമില്ലെന്നും കോടതി പറഞ്ഞു.' മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സാമൂഹിക അപമാനമാകുമെന്ന വാദത്തോടു യോജിക്കുന്നില്ലെന്നും അത് മാറ്റി പുതിയ വാക്ക് ഉപയോഗിക്കേണ്ടെന്നും കോടതി നിരീക്ഷിച്ചു. അനാഥന്റെ ഇംഗ്ലിഷ് വാക്ക് ഓർഫൻ എന്നാണ്. ഹിന്ദി, മറാഠി, ബംഗാളി ഭാഷയിലൊക്കെ അനാഥൻ എന്ന വാക്കിന്റെ പര്യായം ആണ് ഉപയോഗിക്കുന്നത്. ഇപ്പോൾ വാക്ക് മാറ്റാൻ പറയാനുള്ള ഹരജിക്കാരൻ ആരാണ്? ഭാഷാശാസ്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാം? - കോടതി ചോദിച്ചു.

സന്നദ്ധസംഘടനയുടെ പേരായ സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുകയാണോ വേണ്ടതെന്നും ഹരജിക്കാരനോടു കോടതി ചോദിച്ചു. അതേസമയം, ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാൻ മറ്റൊരു പേര് ഉപയോഗിക്കണമെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ഉദയ് വാരുൻജികർ ആവശ്യപ്പെട്ടു.എന്നാൽ കോടതി ഇതിനും വിസമ്മതിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News