ശോകം, മൂകം; ആളൊഴിഞ്ഞ് ബി.ജെ.പി ആസ്ഥാനം

വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 69 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്

Update: 2023-05-13 07:56 GMT
Advertising

ഡല്‍ഹി: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആളും ആരവവുമൊഴിഞ്ഞ് ബി.ജെ.പിയുടെ ഡല്‍ഹിയിലെ ആസ്ഥാനം. പ്രവര്‍ത്തകരൊന്നും ബി.ജെ.പി ഓഫീസിനു മുന്‍പിലില്ല. സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ ചുരുക്കം ചില  ജീവനക്കാരേയുള്ളൂ. വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 69 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 121 സീറ്റില്‍ മുന്നിലാണ്. ജെ.ഡി.എസ് 25 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

അതിനിടെ ഷിഗ്ഗോണ്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ ക്യാമ്പില്‍ ഒരു അപ്രതീക്ഷിത അതിഥിയെത്തി. ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സ്വീകരിച്ചത് മൂര്‍ഖന്‍ പാമ്പാണ്. ബൊമ്മെ ക്യാമ്പിലേക്ക് വരുന്നതിനിടെയാണ് ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പാമ്പ് പുറത്തുവന്നത്. ഒടുവില്‍ പാമ്പിനെ ഓഫീസ് വളപ്പില്‍ നിന്ന് പുറത്താക്കി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരാവട്ടെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ ഡല്‍ഹിയില്‍ ആഘോഷം തുടങ്ങിയിരുന്നു. പാട്ടും ഭാംഗ്ര നൃത്തവുമായി ഉത്സവാന്തരീക്ഷത്തിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം. കര്‍ണാടകയിലെ വിജയത്തില്‍ നന്ദി പറഞ്ഞ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കായി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.

സോഷ്യല്‍ മീഡിയയിലാവട്ടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷം- 'ഞാൻ അജയ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് എന്നെ തടയാനാവില്ല'- എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് ഔദ്യോഗിക അക്കൌണ്ടില്‍ രാഹുലിന്‍റെ വീഡിയോ പങ്കുവെച്ചത്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News