'നിതീഷ് കുമാറൊന്നുമല്ല, ജെഡിയുവിന്റെ ഓഫീസിൽ മോദിയുടെ ഫോട്ടോ': 'കുത്തി' തേജസ്വി യാദവ്
''പ്രായവും ഒരു ഘടകമാണ്. ബിഹാറിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇനി നിതീഷ് കുമാറിനാകില്ല''
പറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാറിന് വിശ്വാസ്യതയില്ലെന്നും അദ്ദേഹത്തിന് ഇനി ബിഹാർ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.
ജെഡിയുവിന്റെ ഓഫീസിൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയാണെന്നും തേജസ്വി യാദവ് പരിഹസിച്ചു.
"യുക്തിസഹമായല്ല നിതീഷ് കുമാര്‍ പെരുമാറുന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ജെഡിയു ഓഫീസില്‍ വെച്ചിരിക്കുന്നത്. പണ്ട് അങ്ങനെയുണ്ടായിരുന്നില്ല''- അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ ചാഞ്ചാട്ടത്തേയും തേജസ്വി പരിഹസിച്ചു. ''ആദ്യം പറഞ്ഞു, കുറച്ചയാളുകള്‍ എന്നെ അങ്ങോട്ട് വിളിച്ചു, ഞാന്‍ പോയി എന്നാണ്. എന്താണ് അദ്ദേഹം ചെയ്യുന്നത് എന്ന് സംബന്ധിച്ച് ഒരു ധാരണയും ഇല്ല. പ്രായവും ഒരു ഘടകമാണ്. ബിഹാറിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇനി അദ്ദേഹത്തിനാവില്ല''- തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
''അദ്ദേഹം അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനം പറയൂ. രാജ്യത്തും ബിഹാറിലും നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. അദ്ദേഹം ഒരു അഭിമുഖമെങ്കിലും നൽകിയിട്ടുണ്ടോ''- തേജസ്വി യാദവ് ചോദിച്ചു. അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും തേജസ്വി യാദവ് ആരോപിച്ചു. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വോട്ടർ പട്ടികയിലെ പുനഃപരിശോധന സമയമെടുക്കുന്ന പ്രക്രിയയാണ്. തെരഞ്ഞെടുപ്പിന് ആറ് മാസത്തിൽ താഴെ മാത്രം ശേഷിക്കെ ഇപ്പോൾ എന്തിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഈ വർഷം അവസാനത്തോടെയാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രത്തിൽ മോദിയുടെ നിലനിൽപ്പിന് ബിഹാറിൽ ജയം അനിവാര്യമാണെന്ന വിലയിരുത്തലുകളും ഉണ്ട്.