എല്ലാ രോഗങ്ങളുടെയും മൂലകാരണം അമിതവണ്ണം; 153 കിലോ ഭാരമുള്ള പ്രതിക്ക് ജാമ്യം നല്‍കി പഞ്ചാബ് ഹരിയാന ഹൈക്കോടതി

വിവിധ സംസ്ഥാനങ്ങളിലായി 33 ലക്ഷം പേരെ കബളിപ്പിച്ച് 3,000 കോടി രൂപ കവര്‍ന്ന പോൺസി സ്കീം തട്ടിപ്പ് കേസിലെ പ്രതിയാണ് പ്രഞ്ജിൽ ബത്ര

Update: 2022-11-09 13:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചണ്ഡീഗഢ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ 153 കിലോ ശരീരഭാരമുള്ള പ്രതിക്ക് ജാമ്യം അനുവദിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. എട്ട് മാസത്തോളമായി അംബാല ജയിലിൽ കഴിയുന്ന പ്രഞ്ജിൽ ബത്രക്കാണ് ജാമ്യം നല്‍കിയത്. പ്രതിയുടെ അമിതവണ്ണമാണ് കോടതിയുടെ മനസ് മാറ്റിയത്.

"ഹരജിക്കാരന്‍റെ കാര്യത്തിലെന്നപോലെ, 153 കിലോ ഭാരമുള്ള പൊണ്ണത്തടി ഒരു ലക്ഷണം മാത്രമല്ല, മറ്റ് പല രോഗങ്ങൾക്കും മൂലകാരണമാകുന്ന ഒരു രോഗമാണ്. ഇതു മൂലം ശരീരത്തിന്‍റെ പ്രതികരണം, പ്രതിരോധം, രോഗങ്ങളെ ചെറുക്കാനും ഫലപ്രദമായി സുഖം പ്രാപിക്കാനുമുള്ള ശരീരത്തിന്‍റെ ശേഷി എന്നിവ ഗണ്യമായി കുറയുന്നു'' പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതി ബഞ്ച് വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലായി 33 ലക്ഷം പേരെ കബളിപ്പിച്ച് 3,000 കോടി രൂപ കവര്‍ന്ന പോൺസി സ്കീം തട്ടിപ്പ് കേസിലെ പ്രതിയാണ് പ്രഞ്ജിൽ ബത്ര. തുടക്കത്തില്‍ സാക്ഷിയായിരുന്ന ഇയാളെ 2021 ജനുവരിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പ്രതി ചേര്‍ക്കുകയായിരുന്നു. തട്ടിപ്പിന്‍റെ വിഹിതമായി ഇയാള്‍ക്ക് 53 കോടി ലഭിച്ചെന്നും ഇഡി പറയുന്നു. എന്നാല്‍ സോഫ്‌റ്റ്‌വെയർ ഡെവലപ്പറാണെന്ന് അവകാശപ്പെട്ട പ്രതി, ഈ പേയ്‌മെന്‍റുകള്‍ കമ്പനികൾ തനിക്ക് നൽകിയ ഫീസാണെന്നാണ് പറഞ്ഞത്. എന്നാൽ ചില കുടുംബാംഗങ്ങൾക്ക് 15 കോടി രൂപ കൈമാറിയതായും ആദായനികുതി റിട്ടേൺ സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ മാര്‍ച്ചിലാണ് ബത്രയെ അറസ്റ്റ് ചെയ്യുന്നത്. താനൊരു ജീവനക്കാരന്‍ മാത്രമാണെന്നും അഴിമതിയിൽ പങ്കില്ലെന്നും കാണിച്ച് ജൂൺ രണ്ടിന് ജാമ്യം തേടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമിതവണ്ണമാണ് ജാമ്യത്തിനുള്ള കാരണമായി പ്രതി തന്നെ വ്യക്തമാക്കിയത്. കൂടാതെ താൻ അഭിമുഖീകരിക്കുന്ന മറ്റ് പല പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു. പ്രതിക്ക് രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടാതെ കൊറോണറി ആര്‍ട്ടറി ഡിസീസ്(സിഎഡി) ഉള്ളതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നും കോടതിക്ക് വ്യക്തമായി. പ്രതിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഒന്നിലധികം രോഗങ്ങളുള്ള ഒരു വ്യക്തിയെ കൈകാര്യം ചെയ്യാനുള്ള സൗകര്യം ജയിലില്‍ ഇല്ലെന്നുമുള്ള ഡോക്ടര്‍മാരുടെ അഭിപ്രായവും കോടതി കണക്കിലെടുത്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ബത്രക്ക് കോടതി ജാമ്യം അനുവദിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News