ഗുലാം നബി ആസാദോ പ്രവീണ്‍ ചക്രവര്‍ത്തിയോ? കോണ്‍ഗ്രസ് വീണ്ടും മൂപ്പിളമ പോരിലേക്ക്

മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പരിഗണിക്കണോ അതോ പാർട്ടിയുടെ ഡാറ്റ അനലറ്റിക്സ് സെൽ മേധാവിയും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായ പ്രവീൺ ചക്രവർത്തിയെ പരിഗണിക്കണോ എന്നാണ് ചോദ്യം.

Update: 2021-08-18 16:58 GMT

തമിഴ്‌നാട്ടിൽ ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് വീണ്ടും മൂപ്പിളമ പോരിലേക്ക്. മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പരിഗണിക്കണോ അതോ പാർട്ടിയുടെ ഡാറ്റ അനലറ്റിക്സ് സെൽ മേധാവിയും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായ പ്രവീൺ ചക്രവർത്തിയെ പരിഗണിക്കണോ എന്നാണ് ചോദ്യം.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഗുലാം നബി ആസാദ്. ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്‍റെ കാലാവധി അവസാനിച്ചത്. ഗുലാം നബി ആസാദ് വീണ്ടും രാജ്യസഭയിലേക്ക് എത്തണമെന്നാണ് ഡിഎംകെയുടെ താത്പര്യം. പക്ഷേ ഗാന്ധി കുടുംബവുമായി അടുപ്പമുള്ള ചില നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. കോണ്‍ഗ്രസില്‍ സമൂലമാറ്റം വേണമെന്നും സ്ഥിരം നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്. തുടര്‍ന്ന് ഈ തിരുത്തല്‍വാദികള്‍ക്കെതിരെ ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

Advertising
Advertising

2019ലെ തെരഞ്ഞെടുപ്പ് ക്യാമ്പെയിനില്‍ ന്യായ് പദ്ധതി അവതരിപ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം പ്രവീൺ ചക്രവർത്തിയായിരുന്നു. ആരെ രാജ്യസഭയിലേക്ക് അയക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ എടുത്തിട്ടില്ല.

"കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച നേതാക്കളെ അതിനുശേഷവും പല പദവികളിലും സോണിയ ഗാന്ധി നിയമിച്ചിട്ടുണ്ട്. പക്ഷേ ഗുലാം നബി ആസാദിനെ രാജ്യസഭയിലേക്ക് വീണ്ടും അയക്കുന്നത് എളുപ്പമാകില്ല. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ രാജ്യസഭയിലേക്ക് കൊണ്ടുവന്ന് പ്രതിപക്ഷ നേതാവാക്കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും"- ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കപിൽ സിബലും മറ്റ് ചില മുതിർന്ന കോൺഗ്രസ് നേതാക്കളും തുടര്‍ന്നും നേതൃമാറ്റം വേണമെന്ന് പരസ്യമായി പ്രതികരിച്ചപ്പോള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗുലാം നബി ആസാദ് നിശബ്ദനാണ്. ജമ്മു കശ്മീരിലെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അദ്ദേഹം.

തമിഴ്‌നാട്ടിൽ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പക്ഷേ സംസ്ഥാനത്തിന്‍റെ ആവശ്യപ്രകാരം ഓരോ സീറ്റിലേക്കും തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്തും. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News