'ഇന്ത്യ'യായി പ്രതിപക്ഷം; പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം
മണിപ്പൂർ, ഏകീകൃത സിവിൽ കോഡ് ഡൽഹി ഓർഡിനൻസ് തുടങ്ങി നിരവധി വിഷയങ്ങളിൽ സഭ പ്രക്ഷുബ്ധമാകും
ന്യൂഡൽഹി: 'ഇന്ത്യ'യെന്ന കൂട്ടായ്മയായി പ്രതിപക്ഷം ഒന്നിച്ച ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വർഷകാല സമ്മേളനത്തിൽ മണിപ്പൂർ, ഏകീകൃത സിവിൽ കോഡ് ഡൽഹി ഓർഡിനൻസ് തുടങ്ങി നിരവധി വിഷയങ്ങളിൽ സഭ പ്രക്ഷുബ്ധമാകും. മണിപ്പൂർ വിഷയം ആദ്യ ദിനം മുതൽ ചർച്ചയാക്കാൻ കോൺഗ്രസ്, ആംആദ്മി പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, സിപിഐ എംപി ബിനോയ് വിശ്വം എന്നിവർ രാജ്യസഭയിലും കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിലുമാണ് നോട്ടീസ് നൽകിയത്.
മണിപ്പൂരിലെ സംഘർഷം പാർലമെൻറിൽ ചർച്ച ചെയ്യാൻ തയാറാണെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വരുന്ന പാർലമെൻറ് സെഷനിൽ മണിപ്പൂർ സംഘർഷമടക്കമുള്ള വിഷയങ്ങൾ കോൺഗ്രസ് ഉയർത്തുമെന്ന് ജയ്റാം രമേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പാർലമെൻറ് സെഷൻ തുടങ്ങാനിരിക്കെ സർക്കാർ വിവിധ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കുകയായിരുന്നു. വിവിധ ബില്ലുകൾ പാസാക്കാനുള്ളതിനാൽ അവരുടെ സഹകരണം ഉറപ്പു വരുത്തുകയാണ് ബിജെപി സർക്കാറിന്റെ ലക്ഷ്യം, എന്നാൽ മണിപ്പൂർ കലാപം, തക്കാളിയുടെ വിലവർധനവ്, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയവയൊക്കെ പാർലമെൻറിൽ ഉന്നയിക്കാൻ ഒരുങ്ങി നിൽക്കുകയാണ് പ്രതിപക്ഷം. അടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിക്കും എൻഡിഎക്കുമെതിരെ യോജിച്ച് മുന്നേറാൻ ബംഗളൂരുവിൽ ചേർന്ന രണ്ടാം പ്രതിപക്ഷ സംഗമം പദ്ധതി ആസൂത്രണം ചെയ്തിരുന്നു.
സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായ മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രണ്ടുപേരെയെും ആൾക്കൂട്ടം നഗ്നരായി നടത്തി വീഡിയോയെടുക്കുകയായിരുന്നു. മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
മെയ്തെയ് വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികൾ രംഗത്തുവന്നതോടെയാണ് സംഘർഷം തുടങ്ങിയത്. നിർദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള തുടർച്ചയായ സംഘർഷത്തിനു വഴിവെച്ചത്. നിരവധി പേർ മരിച്ചു. നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തീയിട്ടു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.
ഓരോ ദിവസവും മണിപ്പൂർ കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനാഹ്വാനം പോലും നടത്തിയിട്ടില്ല. മണിപ്പൂരിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടികളെ കാണാൻ മോദി സമയം അനുവദിച്ചില്ല. സംഘർഷം ഒന്നര മാസം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിനാടകവും മണിപ്പൂർ ജനത കണ്ടിരുന്നു. മണിപ്പൂർ സംഘർഷത്തിൽ ജൂലൈ 4 വരെ 142 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപവുമായി ബന്ധപ്പെട്ട് 181 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 6745 പേർ കരുതൽ തടങ്കലിലാണ്.
Opposition as 'India'; Parliament's annual session begins today