മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിൻ്റെ പരാതി; രണ്ട് കോടി നഷ്ടപരിഹാരം വിധിച്ചത് അമിതമെന്ന് സുപ്രിംകോടതി, 25 ലക്ഷമാക്കി കുറച്ചു

ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് യുവതിക്ക് രണ്ട് കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നത്

Update: 2026-02-10 10:59 GMT

ന്യൂഡല്‍ഹി: മുടി മോശം രീതിയില്‍ വെട്ടിയെന്ന് കാണിച്ച് മോഡലായ യുവതി നല്‍കിയ പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി) ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. നഷ്ടപരിഹാര തുക അധികമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇത് 25 ലക്ഷമായി വെട്ടിച്ചുരുക്കി. ഡല്‍ഹി ഐടിസി മൗര്യ ഹോട്ടലിലെ സലൂണിനെതിരെ മോഡല്‍ ആഷ്‌ന റോയ് ആണ് പരാതി നല്‍കിയത്. രണ്ട് കോടി നഷ്ടപരിഹാരം നല്‍കാനുള്ള എന്‍സിഡിആര്‍സി ഉത്തരവിനെതിരെ ഐടിസി ലിമിറ്റഡ് നല്‍കിയ അപ്പീലിലാണ് വിധി. 25 ലക്ഷം രൂപ സലൂണ്‍ കോടതിയില്‍ കെട്ടിവെച്ചിരുന്നു. ഈ തുക നഷ്ടപരിഹാരം നല്‍കിയാല്‍ മതി.

Advertising
Advertising

2018 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ആഷ്‌ന ഐടിസി മൗര്യയുടെ സലൂണില്‍ നിന്നാണ് പതിവായി മുടിവെട്ടാറ്. അന്നേ ദിവസം പതിവ് സ്‌റ്റൈലിസ്റ്റ് ഇല്ലാത്തതിനാല്‍ മറ്റൊരു സ്‌റ്റൈലിസ്റ്റാണ് മുടിവെട്ടിയത്. പുതിയ സ്റ്റൈലിസ്റ്റ് നന്നായി വെട്ടുമെന്ന മാനേജരുടെ ഉറപ്പിന്‍മേലാണ് മോഡല്‍ മുടി വെട്ടാന്‍ സമ്മതിച്ചത്. എന്നാല്‍ താന്‍ ഉദ്ദേശിച്ച രീതിയിലല്ല ഹെയര്‍ കട്ട് നടത്തിയതെന്നായിരുന്നു മോഡലിന്റെ പരാതി. തന്റെ മുടി വെട്ടി കുളമാക്കിയെന്നും മോഡലിംഗ് കരിയര്‍ നശിപ്പിച്ചുവെന്നും ആഷ്‌ന പരാതിപ്പെട്ടു. ഇതു തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്നും ഇവർ പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതിയുമായി ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് മുന്നില്‍ എത്തുകയായിരുന്നു. 5.2 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു മോഡലിൻ്റെ ആവശ്യം. 2021ല്‍ യുവതിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു.

താന്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ നീളത്തില്‍ മുടി വെട്ടിയെന്നും മുടിക്ക് കേടുപാടുകള്‍ വരുത്തിയെന്നുമുള്ള ആരോപണം ശരിവെച്ചായിരുന്നു ഉപഭോക്തൃ കമ്മീഷന്‍ രണ്ട് കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ചത്. കേശസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ കമ്പനികളുടെ മുന്‍ മോഡലാണ് പരാതിക്കാരി എന്നതും കമ്മീഷന്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു. എന്നാല്‍, വന്‍ തുക നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ ഐടിസി ലിമിറ്റഡ് കോടതിയെ സമീപിക്കുകയായിരുന്നു. മുടിവെട്ടിയത് കാരണം അവസരങ്ങളും വരുമാനവും നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതില്‍ മോഡല്‍ പരാജയപ്പെട്ടുവെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News