അദാനി ഓഹരി വിവാദം; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം,എം.പിമാർ ഇന്ന് ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും
അദാനി ഓഹരി വിവാദത്തിൽ സംയുക്ത പ്രതിപക്ഷ പ്രതിഷേധം പാർലമെന്‍റിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയാണ് പാർട്ടികൾ
പ്രതിപക്ഷ പ്രതിഷേധം
ഡല്‍ഹി: അദാനി ഓഹരി വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം . അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ഇന്ന് ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും . പാർലമെന്‍റിനകത്തും പ്രതിഷേധം തുടരാനാണ് തീരുമാനം.
അദാനി ഓഹരി വിവാദത്തിൽ സംയുക്ത പ്രതിപക്ഷ പ്രതിഷേധം പാർലമെന്‍റിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയാണ് പാർട്ടികൾ. കോൺഗ്രസ്, ആം ആദ്മി, ബി.ആർ.എസ്, ഇടത് പാർട്ടികൾ അടക്കം സംയുക്തമായാണ് പ്രതിഷേധം. ഡൽഹി ഇഡി ആസ്ഥാനത്തേക്ക് എം.പിമാർ മാർച്ച് സംഘടിപ്പിക്കും. പാർലമെന്റിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. അദാനി വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡയറക്ടർക്ക് കത്ത് നൽകും. അദാനി വിഷയത്തിൽ ഇരുസഭകളും തടസപ്പെടുത്തിയ ശേഷമാകും പ്രതിഷേധം. പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
പ്രതിഷേധത്തിന് അന്തിമ രൂപം നൽകാൻ രാവിലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. ഇഡി ഓഫീസ് മാർച്ചിന് ഡൽഹി പൊലീസ് അനുമതി നൽകിയേക്കില്ല. തൃണമൂൽ കോൺഗ്രസ് സംയുക്ത പ്രതിപക്ഷ പാർട്ടി പ്രതിഷേധത്തിൽ നിന്ന് വിട്ടു നിൽക്കാനാണ് സാധ്യത. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗം ഭരണ പക്ഷം പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കും. രാഹുൽ മാപ്പ് പറയണം എന്ന നിലപാട് ബി.ജെ.പി എം.പിമാർ ആവർത്തിക്കും.