പ്രതിപക്ഷ സഖ്യചർച്ചകൾ വീണ്ടും സജീവമാകുന്നു; മമതയും കെജ്‌രിവാളും കൂടിക്കാഴ്ച നടത്തി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെ കൂടുതൽ പ്രതിരോധത്തിലായ കോൺഗ്രസിന് ബദലായി പുതിയ സഖ്യം രൂപീകരിക്കാനുള്ള നീക്കമാണ് മമത-കെജ്‌രിവാൾ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് സൂചന.

Update: 2022-04-30 03:53 GMT
Advertising

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെ ബദൽ സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തൃണമൂൽ എം.പിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനർജിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

അടുത്തിടെ നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയും തൃണമൂലും തമ്മിൽ മത്സരിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. എഎപി ഗോവയിൽ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തൃണമൂലും മത്സരരംഗത്തിറങ്ങിയതിനെ തുടർന്ന് ഇരുനേതാക്കളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബിജെപി-കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ലക്ഷ്യമിട്ട കെജ്‌രിവാളിന് തൃണമൂൽ സാന്നിധ്യം വലിയ തിരിച്ചടിയായിരുന്നു.

അരമണിക്കൂറോളം നടന്ന ചർച്ചയിൽ എന്താണ് ചർച്ച ചെയ്തത് എന്നത് വെളിപ്പെടുത്താൻ നേതാക്കൾ തയ്യാറായിട്ടില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചാണ് ചർച്ച നടന്നതെന്നാണ് റിപ്പോർട്ടുകൾ.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെ കൂടുതൽ പ്രതിരോധത്തിലായ കോൺഗ്രസിന് ബദലായി പുതിയ സഖ്യം രൂപീകരിക്കാനുള്ള നീക്കമാണ് മമത-കെജ്‌രിവാൾ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് സൂചന. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ഇരുപാർട്ടികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ചരിത്രവിജയം എഎപിക്ക് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്ത് നൽകുന്നുണ്ട്. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ വിപുലമായ പദ്ധതികളാണ് എഎപി ആസൂത്രണം ചെയ്യുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News