'താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല എന്റെ പാർട്ടി'; മോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യാജമാണെന്നായിരുന്നു മോദിയുടെ വിമര്‍ശനം

Update: 2024-04-13 07:32 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യാജ ശിവസേനയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഉദ്ധവ് താക്കറെ. താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല, തന്റെ നേതൃത്വത്തിലുള്ള പാർട്ടിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. 'മോദി വ്യാജമാണെന്ന് വിളിച്ചത് ബാൽത്താക്കറെ സ്ഥാപിച്ച ശിവസേനയാണ്. ഞങ്ങളുടെ പാർട്ടി നിങ്ങളുടെ വിദ്യാഭ്യാസ ബിരുദം പോലെ വ്യാജമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ..ഒന്നുകൂടി വ്യക്തമാക്കാം..മഹാരാഷ്ട്ര മോദിയെ അംഗീകരിക്കില്ല.താക്കറെയും പവാറുമായിരിക്കും ഇവിടെ ചലനമുണ്ടാക്കുന്നത്.' അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി ശിവസേനയെ വ്യാജമെന്ന് വിളിച്ചത്. ഇൻഡ്യ സഖ്യത്തിലുള്ള ഡി.എം.കെ സനാതന ധർമ്മത്തെ തകർക്കാനായി നടക്കുന്നു. മലേറിയയോടും ഡെങ്കിയോടുമാണ് ഡി.എം.കെ സാനതന ധർമ്മത്തെ ഉപമിക്കുന്നത്. വ്യാജ ശിവസേനയും കോൺഗ്രസും ഇത്തരം ആളുകളുടെ മഹാരാഷ്ട്രയിലെ റാലികൾക്ക് വിളിക്കുന്നുണ്ടെന്നും മോദി ചന്ദ്രാപൂരിൽ നടന്ന റാലിയിൽ പറഞ്ഞു.

വ്യാഴാഴ്ച നന്ദേഡിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശിവസേനയെ വ്യാജമെന്ന് വിളിച്ചിരുന്നു. ഉദ്ധവ് താക്കറെയ്ക്കൊപ്പമുള്ള ശിവസേനയും ശരദ് പവാറിനൊപ്പമുള്ള എൻസിപിയും വ്യാജമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

'ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വ്യാജ-ശിവസേനയും ശരദ് പവാറിന്റെ വ്യാജ-എൻസിപിയും മഹാരാഷ്ട്രയിൽ അവശേഷിക്കുന്ന കോൺഗ്രസും ഉണ്ട്. ഈ മൂന്ന് പാർട്ടികളും സ്‌പെയർ പാർട്‌സ് ഒത്തുവരാത്ത ഓട്ടോറിക്ഷ പോലെയാണ്. അത് എങ്ങനെ പ്രവർത്തിക്കും, മഹാരാഷ്ട്രയ്ക്ക് വേണ്ടി എന്ത് നല്ല കാര്യം ചെയ്യും...? അമിത് ഷാ ചോദിച്ചു.

അമിത്ഷാക്ക് മറുപടിയുമായി എൻ.സി.പി രംഗത്തെത്തി. ആരാണ് വ്യാജൻ, ആരാണ് യഥാർത്ഥമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ തീരുമാനിക്കട്ടെ. നിങ്ങൾക്കുള്ള മറുപടി ബാലറ്റിലൂടെ ജനങ്ങൾ തരുമെന്ന് എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News